ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: റിഷഭ് പാന്ത് ടീമില്‍, രോഹിത് പുറത്ത്ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പാന്തിനെ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തിയപ്പോള്‍ പരിക്കേറ്റ വൃധിമാന്‍ സാഹയ്ക്ക് പകരം ദിനേഷ് കാര്‍ത്തികിനെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. അതേ സമയം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയ്ക്ക് 18 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനായില്ല.
മലയാളി താരം കരുണ്‍ നായരും ഇന്ത്യന്‍ നിരയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സ്പിന്‍ കെണിയൊരുക്കാന്‍ രവിചന്ദ്ര അശ്വിനൊപ്പം കുല്‍ദീപ് യാദവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയക്ക് പുറത്തിരിക്കേണ്ടി വന്നു. പരിക്കേറ്റ് ട്വന്റി20, ഏകദിന മല്‍സരങ്ങള്‍ കളിക്കാതിരുന്ന ജസ്പ്രീത് ബൂംറയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മല്‍സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. പര്യടനത്തില്‍ നടന്ന ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര ഇംഗ്ലണ്ടും സ്വന്തമാക്കി. ആഗസ്ത് ഒന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷര്‍ദുല്‍ താക്കൂര്‍.

RELATED STORIES

Share it
Top