ആഹ്ലാദം പകരേണ്ട വീട്ടിലെത്തിയത് മരണവാര്‍ത്ത; സജീറിന് നാടിന്റെ യാത്രാമൊഴി

മൊഗ്രാല്‍പുത്തൂര്‍: മകളുടെ മുടിയെടുക്കല്‍ ചടങ്ങിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പുറപ്പെട്ട യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചത് നാടിന്റെ ദുഃഖമായി. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍സജീര്‍ ഇന്നലെ രാവിലെ 8.45 ഓടെ കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിടിച്ച് മരിച്ചത്.
ഏകമകള്‍ ഫാത്തിമയുടെ മുടിയെടുക്കല്‍ ചടങ്ങിന് ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിച്ചിരുന്നു. ഇന്നലെ വീട്ടില്‍ ആഹ്ലാദം പകരേണ്ടതിന് പകരം കണ്ണീര് വീഴുകയായിരുന്നു. ലോറിയിടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ച സജീറിന്റെ മയ്യിത്ത് ഒരു നോക്കുകാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ വീട്ടിലും നിരവധി പേരാണ് എത്തിയത്.
പിതാവിന്റെ കാസര്‍കോട്ടെ വ്യാപാര സ്ഥാപനത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാറിനകത്ത് കുടുങ്ങിയ സജീറിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. യുവാവിന്റെ അപകടമരണം മൊഗ്രാല്‍പുത്തൂര്‍ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.

RELATED STORIES

Share it
Top