ആഹാരത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വിലക്കില്ലെന്ന് കുമ്മനംതിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കുമ്മനം പറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നത്. ആഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനോ കഴിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരവില്‍ ഒരിടത്തും പറയുന്നില്ല.കന്നുകാലി ചന്തകള്‍ വഴി മൃഗങ്ങളെ കശാപ്പിന് വില്‍ക്കരുതെന്നാണ്  പറയുന്നത്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടെനിന്നും മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും കര്‍ഷകരാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം പരിതാപകരമാണ്. റംസാന്‍ മാസത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന തരത്തില്‍ വരെ പ്രതികരണമുയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. കൃഷിക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പിന് ഉപയോഗിക്കുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയെ ബാധിക്കും. രാജ്യത്തെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും കുമ്മനം പറഞ്ഞു.

RELATED STORIES

Share it
Top