ആസ്‌ത്രേലിയയുമായുള്ള ഖനനകരാര്‍ അദാനി റദ്ദാക്കി

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഖനനം നടത്തുന്നതിനുള്ള 2.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കിയതായി അദാനി കമ്പനി. ഘനനത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഖനനം രാജ്യത്തിന്റെ പ്രധാന പൈതൃക മേഖലയെ തകര്‍ക്കുമെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. പദ്ധതിക്കെതിരായ പ്രതിഷേധം ലോകത്താകമാനം ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദാനി കരാറില്‍ നിന്നു പിന്‍മാറിയത്. ആസ്‌ത്രേലിയന്‍ ഖനനകമ്പനിയായ ഡോണറുമായി സഹകരിച്ചാണ് അദാനി ഘനനത്തിനു കരാറുണ്ടാക്കിയിരുന്നത്. എന്നാല്‍,  ഡോണര്‍ കമ്പനിക്കെതിരേ ആസ്‌ത്രേലിയയില്‍ ശക്തമായ പ്രതിഷേധം രൂപപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഡോണര്‍ കമ്പനിക്കുള്ള ആനുകൂല്യങ്ങളും  200 ദശലക്ഷം ഡോളറിന്റെ വായ്പയും ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു.  മൊത്തം 16.5 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിച്ചിരുന്ന ഖനനപദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ ഖനനങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. ഇതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം മൂലം  പദ്ധതിക്കായി പണം നല്‍കാന്‍ തങ്ങളൊരുക്കമല്ലെന്നു ചൈനയിലെ രണ്ടു പ്രധാന ബാങ്കുകള്‍ നേരത്തേ അറിയിച്ചിരുന്നു. പദ്ധതിക്കായി കരാറൊപ്പിട്ട അദാനി 2010ലാണ് ആസ്‌ത്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയന്‍ സന്ദര്‍ശന വേളയിലാണ് അദാനി കരാറിലൊപ്പു വച്ചിരുന്നത്.

RELATED STORIES

Share it
Top