ആസ്‌ത്രേലിയന്‍ ഓപണ്‍ : സിന്ധുവിനും സൈനയ്ക്കുംമുന്നേറ്റംസിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ സൈന നെഹ്‌വാളും പിവി സിന്ധുവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിടമ്പി ശ്രീകാന്തും സായ് പ്രണീതും രണ്ടാം റൗണ്ടില്‍ കടന്നു.ഇന്ത്യയുടെ സീഡില്ലാ താരം സൈന നാലാം സീഡ് താരമായ കൊറിയയുടെ സുങ് ജി ഹ്യുന്നിനെയാണ് പരാജയപ്പെടുത്തിയത്. 39 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 21-10, 21-16 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ പിവി സിന്ധു വീണ്ടും മികവ് ആവര്‍ത്തിച്ചു. ജപ്പാന്റെ സയാക്ക സാറ്റോയെ 21-17, 14-21, 21-18 എന്ന സ്‌കോറിനാണ് സിന്ധു തകര്‍ത്തത്. ആദ്യ സെറ്റ് നേടിയ സിന്ധുവിന് രണ്ടാം സെറ്റില്‍ കാലിടറിയെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചെത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.ഇന്തോനീസ്യന്‍ കിരീടം നേടിയ കെ ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാന്‍ ചാവോ യുവിനെ പരാജയപ്പെടുത്തിയത്. 27 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 21-13, 21-16 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്തോനീസ്യന്‍ ഓപണിന്റെ സെമിയില്‍ സണ്‍ വാന്‍ ഹോയെ ശ്രീകാന്ത് പരാജയപ്പെടുത്തിയിരുന്നു.മറ്റൊരു പുരുഷ താരം സായ് പ്രണീത് ആദ്യ റൗണ്ടില്‍ തോല്‍വി  മവഴങ്ങിയതിന്  ശേഷം അടുത്ത രണ്ട് സെറ്റുകളും പിടിച്ചെടുത്ത് വിജയം സ്വന്തമാക്കി.  47 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍  ഇന്തോനീസ്യയുടെ സണ്‍ ഇന്നിനെ 10-21, 21-12, 21-10 എന്ന സ്‌കോറിനാണ് പ്രണീത് മുട്ടുകുത്തിച്ചത്.

RELATED STORIES

Share it
Top