ആസ്‌ത്രേലിയന്‍ ഓപണ്‍ : ശ്രീകാന്തും സായ് പ്രണീതും ക്വാര്‍ട്ടറില്‍മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍  താരങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. സൂപ്പര്‍ താരങ്ങളായ സായ് പ്രണീതും ഇന്തോനീസ്യന്‍ ഓപണ്‍ കിരീടം നേടിയ കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക ഒന്നാം മ്പര്‍ താരം സണ്‍ വാന്‍ ഹുവിനെ തകര്‍ത്താണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം അടുത്ത രണ്ട് സെറ്റും നേടിയെടുത്താണ് ശ്രീകാന്ത് വിജയം സ്വന്തമാക്കിയത്. ഇന്തോനീസ്യന്‍ ഓപണിലും ശ്രീകാന്തിന്റെ മികവിന് മുന്നില്‍ സണ്‍ വാന്‍ ഹു മുട്ടുമടക്കിയിരുന്നു. സ്‌കോര്‍ 15-21, 21-13, 21-13. നിലവില്‍ ലോക റാങ്കില്‍ 11ാം സ്ഥാനത്താണ് ശ്രീകാന്തുള്ളത്.ചൈനയുടെ ഹുവാങ് യുക്‌സിയാങ്ങിനെ തോല്‍പ്പിച്ചാണ് 14ാം റാങ്കുകാരനായ സായ്് പ്രണീത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വാശിയേറിയ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് പ്രണീതിന്റെ വിജയം. സ്‌കോര്‍ 21-15, 18-21, 21-13. രണ്ടാം സെറ്റ്് കൈവിട്ട ശേഷം മൂന്നാം സെറ്റ് പിടിച്ചെടുത്താണ് പ്രണീത് ആദ്യ എട്ടില്‍ ഇടം പിടിച്ചത്. എന്നാല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.അതേ സമയം വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളും പിവി സിന്ധുവും ക്വാര്‍ട്ടര്‍ പ്രവേശനം നേടി. ഇത്തവണ സീഡില്ലാ താരമായി കളിച്ച സൈന കൊറിയയുടെ നാലാം സീഡ് താരം സിങ് ജീ ഹ്യുനിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം. സ്‌കോര്‍ 21-10, 21-16.ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് പിവി സിന്ധു ജപ്പാന്റെ സയേക സാറ്റോയെയാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ആദ്യ സെറ്റ് 21-17 സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 14-21 ന് നഷ്ടപ്പെടുത്തി. എന്നാല്‍ വാശിയേറിയ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 21-18 ന് മൂന്നാം സെറ്റ് സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top