ആസ്‌ത്രേലിയക്ക് വീണ്ടും തോല്‍വി; ഇംഗ്ലണ്ടിന് വെടിക്കെട്ട് ജയം


ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മല്‍സരത്തിലും ഇംഗ്ലണ്ടിന് വമ്പന്‍ ജയം. 32 പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആആസ്‌ത്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 44.4 ഓവറില്‍ നാല് വിക്കറ്റിന് 314 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ജേസണ്‍ റോയിയുടെ (101) സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണര്‍ ആരോണ്‍ ഫിഞ്ചും (100) ട്രെവിസ് ഹെഡും (63) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 101 റണ്‍സാണ് ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഷോണ്‍ മാര്‍ഷും (101) സെഞ്ച്വറി നേടി തിളങ്ങിയതോടെയാണ് ആസ്‌ത്രേലിയ 310 എന്ന മികച്ച സ്‌കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു.
311 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി റോയിയും ജോണി ബെയര്‍സ്‌റ്റോയും (79) കളം നിറഞ്ഞതോടെ അനായാസം ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേക്കടുത്തു. ജോസ് ബട്‌ലര്‍ (29 പന്തില്‍ 54) വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയതാണ് ഇംഗ്ലണ്ടിനെ അതിവേഗം ജയത്തിലേക്കെത്തിച്ചത്. അലക്‌സ് ഹെയ്ല്‍സ് പുറത്താവാതെ നിന്നു. ജേസണ്‍ റോയിയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ 4-0ന് ഇംഗ്ലണ്ട് മുന്നിട്ട് നില്‍ക്കുന്നു.

RELATED STORIES

Share it
Top