ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം; മാതൃകയാവാന്‍ തയ്യാറെടുത്ത് വയനാട്

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ രാജ്യത്തെ മാതൃകാ ജില്ലയാവാനുള്ള ശ്രമത്തില്‍ വയനാട്. ഇതിന്റെ ഭാഗമായി കലക്ടടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. രാജ്യത്തെ തന്നെ മാതൃകാ ജില്ലയായി വയനാടിനെ മാറ്റാനുള്ള അവസരമാണിതെന്നു കലക്ടര്‍ എ ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ പുരോഗതി പരിശോധിക്കുകയും തുടര്‍നടപടി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രാജ്യത്ത് അടിസ്ഥാന ഭൗതിക സാഹചര്യങ്ങളില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം. നീതി ആയോഗിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 115 ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്.
അടിസ്ഥാന ഭൗതിക വികസനത്തിന് നിലവിലെ വിവിധ പദ്ധതികളെ ഉള്‍പ്പെടുത്തിയും ഫണ്ടിന്റെ അഭാവം വരുന്ന ഘട്ടത്തില്‍ ആസ്പിരേഷനല്‍ പദ്ധതിയുടെ തനതു ഫണ്ടുപയോഗിച്ചുമാണ് പ്രവര്‍ത്തനം. ഓരോ ഘട്ടത്തിലും പദ്ധതിയുടെ ഗുണഭോക്തൃ ഫലങ്ങളും വിവരങ്ങളും സൈറ്റില്‍ നിരന്തരം ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതു പരിശോധിച്ചാണ് പദ്ധതിയിലുള്‍പ്പെട്ട ജില്ലകളുടെ പുരോഗതി അവലോകനം ചെയ്യുക.
ജില്ലകള്‍ മല്‍സരാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി 2022ല്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വിസനത്തോടൊപ്പം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, തൊഴില്‍ തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു ജില്ലാ പ്ലാനിങ് വിഭാഗമാണ്. വിവിധ വകുപ്പുകള്‍ തമ്മില്‍ സഹകരണം വേണ്ട പദ്ധതികളില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ട വകുപ്പിനായിരിക്കും പദ്ധതിയുടെ മുഖ്യ ചുമതല.
പദ്ധതിയുടെ പുരോഗതി പരിശോധിക്കാന്‍ നിശ്ചിത കാലയളവില്‍ യോഗം ചേരാനും തീരുമാനമായി. പദ്ധതിയുടെ വിജയത്തിനായും സംശയനിവാരണത്തിനായും ജില്ലാ പ്ലാനിങ് കമ്മീഷന്റെ ആഭ്യമുഖ്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പദ്ധതി അവലോകനത്തില്‍ തടസ്സം നേരിടാതിരിക്കാന്‍ പ്രോഗ്രസ് ഡാറ്റകള്‍ കാലതാമസം വരുത്താതെ അപ്‌ലോഡ് ചെയ്യാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന ഉജ്ജ്വല യോജന സ്‌കീം, എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന സൗഭാഗ്യ സ്‌കീം, ജന്‍ധന്‍ യോജന, ജീവന്‍ ജോതി യോജന, ഇന്ദ്രധനുഷ്, കൃഷി കല്യാണ്‍ യോജന തുടങ്ങിയ വിവിധ സ്‌കീമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കലക്ടടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി ജി വിജയകുമാര്‍ വകുപ്പുകളുടെ പ്രോഗ്രസ് റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍ അനുബന്ധ സ്‌കീമുകള്‍ പരിചയപ്പെടുത്തി.

RELATED STORIES

Share it
Top