ആസിഫ ബാനുവിനോടുള്ള പൈശാചികത; ജില്ലയില്‍ പ്രതിഷേധക്കൊടുങ്കാറ്റ്

മലപ്പുറം: കശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ എട്ടു വയസുകാരി ആസിഫ ബാനുവിനെ പൈശാചികമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയിലെങ്ങും പ്രതിഷേധം അലയടിച്ചു. ഇന്നലെ ജുമുഅ നമസ്‌ക്കാരാനന്തരം വിവിധ സംഘടനകള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. എസ്ഡിപിഐ, എസ്‌വൈഎസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എംഎസ്എഫ് തുടങ്ങി വിവിധ സംഘടനകള്‍ ആസിഫക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും സംഘ്പരിവാര്‍ ഭീകരതക്കെതിരേ ജാഗരൂകരാവണമെന്ന് മുന്നറിയിപ്പ് നല്‍കിയും പ്രകടനം നടത്തി.
ഫാസിസ്റ്റ് ശക്തികളുടെ കാപാലികതക്ക് ഇരയായ ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വേങ്ങര സെക്ടര്‍ എസ്എസ്എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങര ടൗണില്‍ പ്രകടനം നടത്തി.   ഗാന്ധിദാസ് പടിയില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
കെ സി മുഹിയദ്ധീന്‍ സഖാഫി, കെ അബ്ദുറഹീം സഖാഫി,  പി ഇസ്മായില്‍ നേതൃത്വം നല്‍കി. ആസിഫബാനുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലി, ഹംസ പുത്തനങ്ങാടി, സുജീര്‍ അരിപ്ര, മുബിന്‍ തിരൂര്‍ക്കാട്, റമീസ് തിരൂര്‍ക്കാട്, ലിയാക്കത്ത് നേതൃത്വം നല്‍കി. ജന മനസാക്ഷിയെ ഞെട്ടിച്ച ജമ്മുകശ്മീരിലെ കത്‌വ, യുപിയിലെ ഉന്നാവോ ബലാത്സംഗങ്ങളില്‍ പ്രതിഷേധിച്ചും, സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെയും വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അറക്കല്‍ അലവിക്കുട്ടി, എ ടി മുഹമ്മദ്, കെ ജാബിര്‍, സാറ , കെ ടി മുനീബ, പി പി മന്‍സൂര്‍, പെരിഞ്ചീരി കുഞ്ഞിമുഹമ്മദ്, റഷീദ് കൊന്നോല നേതൃത്വം നല്‍കി.
കശ്മീരിലെ ആസിഫ ബാനുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ താനൂരില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടന്നു മുസ്്‌ലിംലീഗ്, ഡിവൈഎഫ്‌ഐ, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, കാംപസ ്ഫ്രണ്ട്, എസ് എസ്എഫ്, മഹിളാ അസോസിയേഷന്‍  എന്നീ സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.
എട്ട് വയസ്സുകാരി ആസിഫാ ബാനുവിനെ മൃഗീയ പീഢനത്തിനിരയാക്കി കൊല ചെയ്തതിലും കുറ്റവാളികളെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കുമെതിരെ  സ്വഛ് ഭാരത്; ആസിഫയുടെ ചുടുചോര കൊണ്ട് ഇന്ത്യ തിളക്കുന്നു എന്ന തലവാചകത്തില്‍ എസ്എസ്എഫ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി നടത്തി. ചോരച്ചുവപ്പ് മാറാത്ത പിഞ്ചു പ്രായത്തില്‍ അതിക്രൂരമായി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടു എന്നതിലുമപ്പുറം സംഭവത്തെ മൂടിവെക്കാനും കേസൊതുക്കി തീര്‍ക്കാനും അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ റാലിയില്‍ തിഷേധമിരമ്പി.
മലപ്പുറത്ത് നടന്ന റാലിക്ക് ഡിവിഷന്‍ ഭാരവാഹികളായ ശബീര്‍ അഹ്‌സനി, എം അബ്ദുല്‍ നാസര്‍, ആസിഫ്, സ്വാലിഹ് സുഹൈദ്, ഷാഹിദ് ഫാളിലി നേതൃത്വം നല്‍കി. എടപ്പാളില്‍ എസ്ഡിപിഐ നടത്തിയ പ്രകടനത്തിന് ഹംസ കൊടക്കാട്, ജംഷീദ്, മുഹമ്മദ്കുട്ടി, സലാം പൂക്കരത്തറ നേതൃത്വം നല്‍കി.
ആസിഫ ബാനു എന്ന പിഞ്ചു ബാലികയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയിലെ സോഷേ്യാളജി അധ്യാപക കൂട്ടായ്മ പ്രതിഷേധിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കിരാത സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി ഡി പ്രവീണ്‍ കുമാര്‍, കെ സി മുരളീധരന്‍, വി വനജ, നന്ദിനി തമ്പാട്ടി, കെ ഫൈസല്‍ സംസാരിച്ചു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന  ദളിത് ന്യൂനപക്ഷ പീഢനങ്ങള്‍ക്കെതിരെ ജനകീയ ഐക്യനിര ഉയര്‍ന്നുവരണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവിച്ചു. ജമ്മുകാശ്മീരില്‍ എട്ടുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും എല്ലാ അക്രമങ്ങളുടെയും ഒരു ഭാഗത്ത് സംഘപരിവാര്‍ ശക്തികളാണെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സിപിഐ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. കവി എം എം സചീ്ന്ദ്രന്‍, പ്രൊഫ. പി ഗൗരി സംസാരിച്ചു.

RELATED STORIES

Share it
Top