ആസിഫാ ബാനു: കൊലപാതകികള്‍ക്കുള്ള ശിക്ഷ എല്ലാവര്‍ക്കും താക്കീതാവണമെന്ന് കാംപസ് ഫ്രണ്ട്‌

കോട്ടയം: ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന നരാധമന്‍മാര്‍ക്കു നല്‍കുന്ന ശിക്ഷ ഒരു താക്കീതാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം.
കശ്മീരില്‍ എട്ടു വയസ്സുകാരി ആസിഫയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന ഹിന്ദുത്വ ഭീകരതയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ ദ്രോഹിക്കാന്‍ മുന്‍കൈയെടുത്തത് ഒരു പോലിസുദേ്യാഗസ്ഥനാണ്. കൂടാതെ പ്രതികള്‍ക്കു വേണ്ടി ആദ്യം രംഗത്തിറങ്ങിയത് ബിജെപി എംഎല്‍എമാരാണ്. കാവി ഭീകരതയും കാക്കി ഭീകരതയും കൂട്ടായാണ് പിഞ്ചു ബാലികയെ പിച്ചിച്ചീന്തിയതെന്ന് ബിലാല്‍ പറഞ്ഞു. മോദി ഭരണത്തില്‍ കാവി ഭീകരത രാജ്യത്ത് സംഹാരതാണ്ഡവമാടുകയാണെന്ന് കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അഹ്‌സന അഹ്മദ് പറഞ്ഞു.
വരുംദിനങ്ങളില്‍ അവര്‍ ആവനാഴിയിലെ സര്‍വായുധങ്ങളുമായി രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കും. അക്രമാരികളെ നിലയ്ക്കുനിര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് അഹ്‌സന  പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഫാസില സംസാരിച്ചു.

RELATED STORIES

Share it
Top