'ആസിഫയ്ക്കു വേണ്ടി': ബംഗളൂരു തെരുവുകളില്‍ നാളെ പ്രതിഷേധമിരമ്പും

ബംഗളൂരു: ഹിന്ദുത്വ ഭീകരര്‍ പിച്ചിച്ചീന്തിയ എട്ടുവയസ്സുകാരി ആസിഫയ്ക്കു വേണ്ടി നാളെ ബംഗളൂരുവില്‍ വിപുലമായ പ്രതിഷേധ കൂട്ടായ്മ. ആസിഫയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ആള്‍ക്കൂട്ടം ഞായറാഴ്ച തെരുവിലിറങ്ങും.
വൈകീട്ട് അഞ്ചിനും ഏഴിനുമിടയ്ക്ക് ബംഗളൂരുവിലെ തെരുവുകള്‍ കേന്ദ്രീകരിച്ച് ഒരുമിച്ചുകൂടാനും പ്രതിഷേധിക്കാനുമാണു തീരുമാനം. സാമൂഹികപ്രവര്‍ത്തകരായ അമന്‍ദീപ് സന്ധു, അരുന്ധതി ഘോഷ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കി ഫേസ്ബുക്ക് ഇവന്റിലൂടെ ആഹ്വാനം ചെയ്ത പ്രതിഷേധപരിപാടിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണു ലഭിക്കുന്നത്. കമന്റുകളിലൂടെ ഉദ്യമത്തിന് പിന്തുണ നല്‍കി ഒട്ടേറെപേര്‍ ഇതിനകം രംഗത്തെത്തി. സംവിധായകന്‍ ആഷിക് അബു, തമിഴ് നടന്‍ വിജയ് സേതുപതി എന്നിവര്‍ ഇവന്റിന്റെ വിശദാംശങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
എന്റെ തെരുവില്‍ എന്റെ പ്രതിഷേധം.
ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം; ആസിഫയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.
ഇതു ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി ഒന്നിച്ച് എന്ന ആഹ്വാനമാണ് ജനം ഏറ്റെടുത്തത്.

RELATED STORIES

Share it
Top