ആസാദി'ഒരിക്കലും കിട്ടില്ല: കശ്മീരി യുവാക്കളോട് കരസേനാ മേധാവി

ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല.അത് നിങ്ങള്‍ മനസിലാക്കണം. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും കശ്മീരി യുവാക്കളോട്  കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കരസേനാ മേധാവി ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും വ്യക്തമാക്കി. തെറ്റായ ധാരണകള്‍ നല്‍കി യുവാക്കളെ വഴി തെറ്റിക്കുന്നതാണ് കാണുന്നത്. നിങ്ങളെന്തിനാണ് ആയുധങ്ങളെടുക്കുന്നത്. കൊല്ലപ്പെടുന്ന സായുധരുടെ എണ്ണത്തെ കുറിച്ച് താന്‍ ആകുലപ്പെടാറില്ല. അതൊരു ചെയിനാണ്. ദിനേന സായുധ പ്രവര്‍ത്തന സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവര്‍ ഒന്നും തന്നെ നേടാന്‍ പോവുന്നില്ല. ആസാദി എന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സൈന്യം കൊല്ലുന്നതില്‍ സന്തോഷം കാണാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് വരുന്നതെങ്കില്‍ തങ്ങള്‍ തിരിച്ചടിക്കും. കശ്മീരില്‍ സൈനിക നടപടി നടക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ആളുകള്‍ കൂട്ടമായി അവിടേക്കെത്തുന്നതെന്തിനെന്ന്  മനസിലാകുന്നില്ല. ആരാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top