ആഷസ്: അടിക്ക് തിരിച്ചടി നല്‍കി ഓസീസ്പെര്‍ത്ത്: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആതിഥേയരായ ആസ്‌ത്രേലിയ പൊരുതുന്നു. ഒന്നാം  ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 403 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് രണ്ടാം ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 203 എന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 200 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (92*) ഷോണ്‍ മാര്‍ഷുമാണ് (7) ക്രീസില്‍.രണ്ടാം ദിനം നാല് വിക്കറ്റിന് 305 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 95 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കൂടാരം കയറേണ്ടി വന്നു. ആദ്യ ദിനം തന്നെ സെഞ്ച്വറി നേടിയ ഡേവിഡ് മലാന് (140) പിന്നാലെ ജോണി ബെയര്‍സ്‌റ്റോയും കന്നി ആഷസ് സെഞ്ച്വറി കണ്ടെത്തിയതാണ് (119) ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്. ഇരുവരും മികച്ച രീതിയില്‍ മുന്നേറവെ മലാനെ മടക്കി നഥാന്‍ ലിയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സറും പറത്തിയാണ് മലാന്‍ മടങ്ങിയത്.  അഞ്ചാം വിക്കറ്റില്‍ 237 റണ്‍സിന്റെ കൂട്ടുകെട്ടാണ് മലാനും ബെയര്‍‌സ്റ്റോവും ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. അധികം വൈകാതെ ബെയര്‍സ്‌റ്റോയെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. 215 പന്തില്‍ നേരിട്ട് 18 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു ബെയര്‍‌സ്റ്റോയുടെ പ്രകടനം. പിന്നീടങ്ങോട്ട് വന്നവര്‍ക്കാര്‍ക്കും നിലയുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 403 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഹെയ്‌സല്‍വുഡ് മൂന്നും പാറ്റ് കുമ്മിന്‍സ്  രണ്ടും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.403 റണ്‍സെന്ന മികച്ച സ്‌കോറിലേക്ക് ബാറ്റേന്തിയ ആസ്‌ത്രേലിയക്ക്  ഭേദപ്പെട്ട തുടക്കം തന്നെയാണ് ഓപണര്‍മാരായ കാമറോണ്‍ ബാന്‍ക്രോഫ്റ്റും (25) ഡേവിഡ് വാര്‍ണറും (22) ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ചെറിയ ഇടവേളകളില്‍ ഇരുവരും മടങ്ങിയതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡ് രണ്ട് വിക്കറ്റിന് 55 എന്ന നിലയിലേക്കെത്തിയെങ്കിലും  മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഉസ്മാന്‍ കവാജയും (50) സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സിന് അടിത്തറപാവുകയായിരുന്നു. മൂന്നാമനായി കവാജ മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 179 എന്ന മികച്ച നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ 124 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

RELATED STORIES

Share it
Top