ആശ്രിത നിയമനം: വ്യവസ്ഥകളില്‍ ഇളവ്‌ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകളില്‍ ഇളവുവരുത്തി അനര്‍ഹരായവര്‍ക്കു സര്‍ക്കാര്‍ തസ്തികയില്‍ നിയമനം നല്‍കുന്നെന്നാരോപിച്ച് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. ചേര്‍ത്തല തുറവൂര്‍ സ്വദേശി നീരജ് ആണു ഹരജി നല്‍കിയിരിക്കുന്നത്. ആശ്രിത നിയമനത്തിന്റെ പേരില്‍ 2012 മുതല്‍ 2017 വരെയുള്ള കാലത്ത് സാമ്പത്തിക ചട്ടത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി 13,962 സൂപ്പര്‍ ന്യൂമററി തസ്തികകളാണ് അനുവദിച്ചത്. ഈ ഇനത്തില്‍ 1500 കോടി രൂപ പൊതുഖജനാവില്‍ നിന്നു ചെലവഴിച്ചെന്നും ഹരജിയില്‍ പറയുന്നു. സര്‍വീസിലിരിക്കെ മരിച്ചു പോയ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നിത്യച്ചെലവിനുള്ള സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്രിത നിയമനം എന്ന പദ്ധതി നടപ്പാക്കിയത്. നിശ്ചിത തുകയില്‍ താഴെ കുടുംബ വരുമാനമുള്ളവര്‍ക്കു മാത്രമായിരുന്നു ഇതിനു യോഗ്യത ഉണ്ടായിരുന്നത്. എന്നാല്‍ ഇതു പലതവണ ഭേദഗതി ചെയ്ത് പ്രതിമാസം 66,000 രൂപ വരെ വരുമാനമുള്ളവര്‍ക്കു പോലും ആശ്രിത നിയമനം നല്‍കുന്ന സ്ഥിതിയായിട്ടുണ്ട്. ഇത് അഴിമതിയാണ്. സര്‍ക്കാര്‍ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം പാടില്ലെന്ന് സുപ്രിംകോടതി തന്നെ നിര്‍ദേശമുണ്ട്. ഇതിനു വിരുദ്ധമാണ് ആശ്രിത നിയമനത്തിന്റെ പേരില്‍ നടക്കുന്ന നിയമനങ്ങളെന്നും ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top