ആശ്യക്കാരെത്തിയില്ല; കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റ് ലേലം മാറ്റി

കൊണ്ടോട്ടി: നഗരത്തിലെ മല്‍സ്യമൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്താത്തതിനെ തുടര്‍ന്ന് നഗരസഭയില്‍ ലേലം 26 ലേക്ക് മാറ്റി. അഞ്ച് ലക്ഷം രൂപയുടെ സീല്‍ ചെയ്ത ക്വട്ടേഷന്‍ മാത്രമാണ് ലേലത്തില്‍ ഇന്നലെ ലഭിച്ചത്.
മുന്‍വര്‍ഷത്തെ തുകയായ 13.26 ലക്ഷത്തെക്കാള്‍ വളരെ കുറവായതിനാല്‍ അംഗീകരിക്കാതെ തള്ളി. തുടര്‍ന്നാണ് ലേലം ഈമാസം 26 ലേക്ക് മാറ്റിവച്ചത്. മല്‍സ്യവിതരണ മാര്‍ക്കറ്റിന്റെ ലേലവുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകാര്‍ നല്‍കിയ ഹരജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു കുടിശ്ശികക്കാരെ മാറ്റിനിര്‍ത്തണമെന്ന നഗരസഭയുടെ നിബന്ധന തള്ളിയ കോടതി അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലേലത്തിന് അംഗീകാരം ലഭിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഇതാണ് ലേലം വിളിക്കുന്നതിന് തയ്യാറായി ആരും രംഗത്ത് വരാതിരുന്നത്. കോടതിയുടെ നിര്‍ദേശം പാലിച്ചു കൊണ്ടായിരിക്കും മാര്‍ക്കറ്റ് ലേലം നഗരസഭ നടത്തുക.
അതിനിടെ മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയാക്കിയതിനുശേഷം ലേല നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികളും നഗരസഭയിലെത്തിയിരുന്നു.
ഇന്നലെയുള്ള  ലേലം മാറ്റിവയ്ക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. പിന്നീട് പോലിസെത്തി രംഗം ശാന്തമാക്കി. പിന്നീട് നഗരസഭ ലേല നടപടികള്‍ 26 ലേക്ക് മാറ്റുകയും ചെയ്തു.

RELATED STORIES

Share it
Top