ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമായില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയ കാല തൊഴിലാളികളുടെ സംഘടന അഴിമതി വിരുദ്ധ സമിതി ഇരുപത്തിയൊന്ന് ദിവസമായികലക്ടറേറ്റിനു മുന്നില്‍ നടത്തി വരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരത്തിന് ആശുപത്രി വികസന സമിതി യോഗത്തില്‍ പരിഹാരമായില്ല. തൊഴിലാളികളുടെ സമരം ആശുപത്രി വികസന സമിതിയില്‍  മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്യാമെന്ന് തൊഴിലാളി പ്രതിനിധികളോട് പറഞ്ഞ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ യോഗത്തിന്റെ വിശദാംശങ്ങള്‍ സമരസമിതിയെ അറിയിക്കാനോ പരിഹാര മാര്‍ഗങ്ങള്‍ക്കുള്ള ചര്‍ച്ചയ്‌ക്കോ ശ്രമിച്ചിട്ടില്ലെന്ന സമരക്കാര്‍ ആരോപിച്ചു.
മുന്നൂറോളം നിയമനങ്ങളില്‍ മൂന്നിലൊന്ന് ഒഴിവുകളില്‍ പഴയ കാല തൊഴിലാളികളെ പരിഗണിക്കുക എന്നാവശ്യപ്പെട്ട്  നടത്തുന്ന സമരത്തിന് ഇതിനകം കോണ്‍ഗ്രസ്, ബിജെപി, ബിഡിജെഎസ്, വെല്‍ഫയര്‍ പാര്‍ട്ടി എന്നീ രാഷ്ടീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
കലക്ടര്‍ ഉത്തരവിറക്കിയാല്‍ പഴയ കാല തൊഴിലാളികളെ ജോലിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ പ്രയാസമില്ലെന്ന് തൊഴിലാളി നേതാക്കന്‍മാരോട് ആശുപത്രി സൂപ്രണ്ടുമാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിലുള്ള തടസ്സവാദമെന്തന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണമെന്ന് സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ആവശ്യകള്‍ക്ക് മതിയായ പരിഗണന നല്‍കിയും രേഖാമൂലം എഴുതിയും നല്‍കാതെ സമരം പിന്‍വലിക്കില്ലെന്നും നിരാഹാര സമരം ഉള്‍പ്പെടെ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top