ആശുപത്രി കേന്ദ്രീകരിച്ച് മോഷണം; സംഘത്തിലെ ഒരാള്‍ പിടിയില്‍

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സ്ത്രീകളിലെ ഒരാള്‍ മോഷണ ശ്രമത്തിനിടെ പിടിയിലായി. തമിഴ്നാട് മധുര സ്വദേശി മഹേശ്വരിയെ (30)യാണ് തിരൂരങ്ങാടി പോലിസ് പിടികൂടിയത്. മോഷണം നടത്തിയ സംഘത്തിലെ മറ്റൊരാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ നൗഷാദ് ഇബ്രാഹീം പറഞ്ഞു.
ചെമ്മാട് ബസ്സ്റ്റാന്റില്‍ കുട്ടിയുടെ കാലിലെ പാദസരം മോഷ്ടിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലാവുന്നത്. സംശയം തോന്നിയ നാട്ടുകാരും ട്രോമാകെയര്‍ വോളന്റിയര്‍മാരും പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ നിന്നു മോഷ്ടിച്ച പാദസരം പോലിസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ താലൂക്ക് ആശുപത്രിയില്‍ മൂന്നു ദിവസത്തെ ഇടവേളകളിലായി നടത്തിയ മോഷണത്തില്‍ പങ്കുള്ളതായി പ്രതി പോലിസിനോട് സമ്മതിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ മോഷണത്തിലെ കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കുറിച്ച് പ്രതി പോലിസിന് വിവരം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 19ന് ആശുപത്രിയില്‍ സംഘം മാലമോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം താമസിക്കുന്ന പട്ടാമ്പിയില്‍ പോലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടത്താനായിരുന്നില്ല. പിന്നീട് കഴിഞ്ഞ 24നും സമാനമായി ആശുപത്രിയിലെത്തിയ മറ്റൊരു കുട്ടിയുടെ കഴുത്തില്‍ നിന്നു മാല മോഷണം പോയി.
പിടിയിലായ മഹേശ്വരിയുടെ പേരില്‍ നിരവധി സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലനില്‍ക്കുന്നതായി പോലിസ് പറഞ്ഞു. അന്തര്‍സംസ്ഥാന മോഷണ സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top