ആശുപത്രി അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക നിഗമനം

നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ചപറ്റിയതായി പ്രാഥമിക നിഗമനം. തോപ്രാംകുടി പുഷ്പഗിരി പൂവത്തുങ്കല്‍ സുധീഷിന്റെ ഭാര്യ അനുജ(23) ആണ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ 11 ഓടെയാണ് അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈകുന്നേരം അഞ്ചോടെ ശസ്ത്രക്രിയയ്ക്ക് കയറ്റി. 5.15 ഓടെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുകയും പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അനുജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഈ സമയങ്ങളില്‍ ഡോക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നേഴ്‌സുമാരുടെ പരിചരണവും അനുജയ്ക്ക് ലഭിച്ചില്ല. വീട്ടുകാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് രാത്രി 11 ഓടെ ഡോക്ടര്‍ എത്തി ഇന്‍ജക്ഷന്‍ നല്‍കി മടങ്ങുകയും ചെയ്തു. പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
12 മണിയോടെ നെടുങ്കണ്ടത്തെ വിവിധ ഗൈനക്കോളജി വിദഗ്ധരെ ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും അനുജ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ അവസ്ഥ മോശമായിട്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്തില്ലെന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ മരണത്തെ തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും ഗ്ലാസുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും ആശുപത്രിക്ക് നേരെ കല്ലേറ് നടത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
മന്ത്രി എം.എം മണിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തി. സംഭവം സംബന്ധിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയും ഗൗരവമില്ലായ്മയുമാണ് മരണത്തിലേക്ക് എത്തിച്ചതെ്ന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. അനുജയുടെ കുഞ്ഞിനെ നെടുങ്കണ്ടം കരുണാ ആശുപത്രിയിലെ ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചു. അനുജയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
സുധീഷ്-അനുജ ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടി കൂടിയുണ്ട്. കൊച്ചുകാമാക്ഷി അടയാളക്കല്ല് പടിയിറമാവില്‍ ഷാജിയുടെയും ശോഭനയുടെയും മകളാണ് അനുജ. സുധീഷ് എറണാകുളത്ത് ടാക്‌സി െ്രെഡവറും അനുജ തയ്യല്‍ ജോലിക്കാരിയുമാണ്.

RELATED STORIES

Share it
Top