ആശുപത്രിയില്‍ യുവാക്കളെ ആക്രമിച്ച സംഭവം: കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

കുന്നംകുളം: ആശുപത്രിയില്‍ ചികത്സിയിലായിരുന്ന രോഗിയെ സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ മാരകായുധങ്ങളുമായി അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പേരെ  കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. വട്ടമാവ് സ്വദേശികളായ വലിയകത്ത്  വിനു (40), കൂടല്ലൂര്‍ വിശ്വംഭരന്‍, തോപ്പില്‍ മനോജ് (34) എന്നിവരെയാണ് കുന്നംകുളം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 16 ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കല്ലുംപുറം കോത്തോളി ശ്രീരാഗ്, കടവല്ലൂര്‍ കോത്തോളി പെട്ടിക്കല്‍ നിഖില്‍ ബാബു എന്നിവരെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ച സംഭവത്തിലെ പ്രതികളാണ് മൂവരും.  ചാവക്കാട് ഇരട്ട പുഴയിലുണ്ടായ കൊലപാതക കേസില്‍ പ്രതിയായിരുന്നു പിടിയിലായ വിനു.
വിനുവിന്റെ സഹോദരന്‍ പ്രദീപിനെയും അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐ യു കെ ഷാജഹാന്‍, അഡീഷണല്‍ എസ്‌ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top