ആശുപത്രിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം/കരുനാഗപ്പള്ളി: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. മടവൂര്‍ വിളക്കാട് പേഴുവിള വീട്ടില്‍ അന്‍ഷാദിന്റെ ഭാര്യ ഷംന(21)യെയാണ് ഇന്നലെ 3.30ഓടെ കണ്ടെത്തിയത്. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം സംശയകരമായ നിലയില്‍ കണ്ട യുവതിയെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ കരുനാഗപ്പള്ളി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്താനായില്ലെന്നാണ് വിവരം. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും മെഡിക്കല്‍ കോളജ് പോലിസും സ്ഥലത്തെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി.
ചൊവ്വാഴ്ച്ച രാവിലെയാണ് ഇവരെ കാണാതായത്. ഗൈനക്കോളജി ഒപി വിഭാഗത്തില്‍ ബന്ധുക്കളോടൊപ്പം പരിശോധനയ്‌ക്കെത്തിയ ഷംനയെ പരിശോധനകള്‍ക്കായി പോയശേഷം കാണാതാവുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടു. മൊബൈല്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്ത പോലിസ് ഷംന ആദ്യം എറണാകുളത്തും പിന്നീട് വെല്ലൂരിലുമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു.
യുവതി ഇടയ്ക്ക് ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. ഒരു ബന്ധുവിനെ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് അറിയിച്ചിരുന്നു. ഷംനയെ കാണാതായതിനെത്തുടര്‍ന്ന് മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് ഇവരെ തിരിച്ചറിയാന്‍ കരുനാഗപ്പള്ളിയിലെ ടാക്‌സി ജീവനക്കാരെ സഹായിച്ചത്.

RELATED STORIES

Share it
Top