ആശുപത്രിയില്‍ തോക്കുചൂണ്ടി ഭീഷണി: രണ്ടുപേരെ ചോദ്യം ചെയ്തു

കാസര്‍കോട്: മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന ജമാഅത്ത് പ്രസിഡന്റിനെ സന്ദര്‍ശിക്കാനെത്തിയ യുവാവിനെ ആശുപത്രിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ബേഡകം ഏണിയാടി എബി ഹൗസിലെ എ ബി ശാഫി (39)യെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ടുപേരെ കാസര്‍കോട് എസ്‌ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ മുഖ്യപ്രതിയെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 23ന് രാവിലെ 11ന് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പള്ളി പ്രശ്‌നവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന ഏണിയാടി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എം ടി ഹമീദിനെ സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് സംഭവം.
രാവിലെ 11ഓടെ സുഹൃത്തുക്കളായ ശാഫി, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കൊപ്പമാണ് ആശുപത്രിയിലെ 209ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞിരുന്ന പ്രസിഡന്റിനെ സന്ദര്‍ശിക്കാനെത്തിയത്. സംഭവം സമയത്ത് ഹമീദിന്റെ കൂടെ ഹൈദറും പന്നിപ്പാറ സ്വദേശിയായ മറ്റൊരു യുവാവും ഉണ്ടായിരുന്നു. ഹമീദുമായി സംസാരിച്ചുകൊണ്ടിരിക്കെ പന്നിപ്പാറ സ്വദേശി റൂമില്‍ നിന്നിറങ്ങി പുറത്തുനിന്നു. സംസാരിച്ച് പുറത്തിറങ്ങുന്നതിനിടയില്‍ ശാഫിയെ വാതില്‍ക്കല്‍ തടയുകയും മുഖത്തടിക്കുകയുംചെയ്തു.ഹമീദിന്റെ ബെഡിനടിയിലുണ്ടായിരുന്ന റൈഫിള്‍ എടുത്ത് കഴുത്തിന് നേരെ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ ശാഫി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പി 387/18 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ പ്രതികളെ പിടികൂടിയില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഡിഐജി, ജില്ലാ പോലിസ് ചീഫ്, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ ഹമീദ്, ഹൈദര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. അതേസമയം തോക്കുചൂണ്ടിയ യുവാവ് ക്വട്ടേഷന്‍ സംഘാംഗമാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top