ആശുപത്രിയില്‍ കട്ടിലില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ആദിവാസി സ്ത്രീ മരിച്ചുമാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആദിവാസി സ്ത്രീ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടേനാല്‍ വെണ്ണമറ്റംകുന്ന് താനിയാട്ട് പണിയ കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്നലെ രാവിലെ ഒമ്പതരയോടെ ബന്ധുക്കള്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു.എന്നാല്‍ പനിയും പ്രഷറും പരിശോധിച്ച ശേഷം കിടത്തി ചികിത്സിക്കാന്‍ കട്ടിലില്ലെന്ന കാരണം പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പനിക്കും ചുമക്കും രണ്ടു തരം ഗുളികകളും രണ്ട് തരം ആന്റിബയോറ്റിക് ഗുളികകളുമാണ് നല്‍കിയത്. നടക്കാന്‍ പോലും കഴിയാതെ തീരെ അവശയായ ചപ്പയെ ഓട്ടോറിക്ഷ വിളിച്ച് അതില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തി ഓട്ടോറിക്ഷയില്‍ നിന്നും ഇറക്കുമ്പോള്‍ അബോധാവസ്ഥയിലാവുകയും അതേ ഓട്ടോറിക്ഷയില്‍ തന്നെ രാവിലെ പതിനൊന്നരയോടെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഇസിജി എടുത്തെങ്കിലും മറ്റ് ചികിത്സ നല്‍കുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു. എന്നാല്‍ കിടത്തിചികിത്സ നല്‍കാന്‍ മാത്രമുള്ള അസുഖം പരിശോധനാസമയത്തുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരണത്തെക്കുറിച്ച് റീജിന്യല്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുവാനും മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താനും തീരുമാനിച്ചു. മക്കള്‍: ഷിജു, ബിജു. മരുമക്കള്‍ മിനി, ബിന്ദു.

RELATED STORIES

Share it
Top