ആശുപത്രിയിലെത്തിയത് ആയിരങ്ങള്‍

മോഹന്‍ദാസ് എടപ്പാള്‍

എടപ്പാള്‍: നന്നംമുക്ക് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് കുട്ടികളടക്കം ആറുപേര്‍ മരിക്കാനിടയായ ദുരന്തവാര്‍ത്തകേട്ട് മൃതദേഹങ്ങള്‍ സൂക്ഷിച്ച ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് നന്നംമുക്ക് നരണിപ്പുഴ കടവില്‍ കടത്തുതോണി മറിഞ്ഞ് ആറുപേര്‍ മരിച്ചത്. കരളലിയിക്കുന്ന രംഗങ്ങള്‍ക്കാണ് പിന്നീട് ആശുപത്രിയും പരിസരവും സാക്ഷിയായത്. ദുരന്ത വാര്‍ത്തയറിഞ്ഞയുടന്‍ നരണിപ്പുഴ കടവിലേയ്ക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഓരോ മൃതദേഹവും കണ്ടെടുക്കുന്നതോടെ ആശുപത്രിയിലേയ്‌ക്കൊഴുകയായിരുന്നു.
ആര്‍ക്കും ആരേയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു ആശുപത്രിയും പരിസരവും. വിവരമറിഞ്ഞ രാത്രി ഏറെ വൈകിയും ആശുപത്രിയിലും പരിസരത്തും തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലിസും രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും ഏറെ പ്രയാസപ്പെടുകയായിരുന്നു. ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ കാണിച്ചുകൊടുത്തത്.  മരിച്ചവരുടേയും പരിക്കേറ്റവരുടേയും ശരിയായ പേരും വിലാസവും പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ വൈകിയാണ് കിട്ടിയത്.
ഇന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മൃതദേഹങ്ങള്‍ നന്നംമുക്കില്‍ പൊതുദര്‍ശനത്തിനുവച്ചശേഷമായിരിക്കും സംസ്‌കരിക്കുക. മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി 10.45ഓടെയാണ് മുഖ്യമന്ത്രി ചങ്ങരംകുളത്തെ ആശുപത്രിയിലെത്തിയത്. മരിച്ച കുട്ടികളുടെ ബന്ധുക്കളേയും നാട്ടുകാരേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. നേരത്തെ സ്ഥലത്തെത്തിയ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ നടപടി മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നാളെ രാവിലെ വീടുകളിലേയ്ക്കു കൊണ്ടുപോയി സംസ്‌കാര നടപടികള്‍ ആരംഭിക്കും. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, മന്ത്രി എ സി മൊയ്തീന്‍, ഷംസുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹറ, തിരൂര്‍ ആര്‍ഡിഒ, മുന്‍ ജില്ലാ പഞ്ചായത്ത് സുഹറ മമ്പാട്,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കൃഷ്ണദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സത്യന്‍, ഇ സിന്ധു, എന്നിവര്‍ ആശുപത്രിയിലെത്തി.
ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളില്‍ ഇന്ന് സര്‍വ്വകക്ഷിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. ചങ്ങരംകുളം മേഖല മര്‍ച്ചന്റ് അസോസിയേഷനും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top