ആശുപത്രികളിലെ മാലിന്യം സര്‍ക്കാര്‍ ഭൂമിയില്‍ തള്ളികൊണ്ടോട്ടി: സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ ലാബിലെയും മാലിന്യം ജനവാസകേന്ദ്രത്തിനടുത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ തള്ളി. നാട്ടുകാര്‍ ഇടപെട്ട് രാത്രി തന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് വടക്കന്‍ മലയിലുള്ള ഹാര്‍ബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ലോഡ് കണക്കിന് സിറിഞ്ച്, കാലാവധി കഴിഞ്ഞ മരുന്ന്, മറ്റ് മാലിന്യങ്ങള്‍ എന്നിവ ടിപ്പര്‍ ലോറിയില്‍ തള്ളിയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ലോറിയും ജീവനക്കാരെയും തടഞ്ഞിടുകയും പോലിസിനെയും ആരോഗ്യ വകുപ്പുദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്തു. എടവണ്ണ ഇഎംസി ആശുപത്രിയിലേതാണ് മാലിനമെന്നറിഞ്ഞ നാട്ടുകാര്‍ ആശുപത്രി അധികൃതരെയും വിളിച്ചു വരുത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും ആശുപത്രി അധികൃതര്‍ മാലിന്യം അടുത്തദിവസം മാറ്റാമെന്ന നിലപാടെടുത്തു. എന്നാല്‍, നൂറുകണക്കായ നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് രാത്രി തന്നെ മാലിന്യം തിരിച്ചു കൊണ്ടുപോവാമെന്ന് ധാരണയായി. അതേസമയം, മാലിന്യം ചെങ്കുത്തായ സ്ഥലത്ത് തട്ടിയതിനാല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കോരിയെടുക്കാനുള്ള ശ്രമം വിഫലമായി. തുടര്‍ന്ന് രാത്രി തന്നെ വെളിച്ചത്തിനുള്ള സംവിധാനങ്ങളൊരുക്കി തൊഴിലാളികളെ കൊണ്ടുവന്ന് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേ നടപടികളെടുക്കുമെന്നു ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. മാലിന്യം മഴ പെയ്താല്‍ കുത്തിയൊലിച്ച് തൊട്ടടുത്ത ചെന്നിരി, മണിശ്ശീരിപുറായ് തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലാണെത്തുക. ഈ ഭാഗത്ത് നേരത്തെ ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ടു ചെയ്തിരുന്നു.

RELATED STORIES

Share it
Top