ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷണം: മൂന്നംഗസംഘം പിടിയില്‍

തലശ്ശേരി: സ്വകാര്യ-സഹകരണ ആശുപത്രികളില്‍ നിന്നു ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് അന്നൂര്‍ സ്വദേശികളായ എന്‍ മുരളീധരന്‍(47), പി ദാമോദര ഭട്ട്(48), പാപ്പിനിശ്ശേരി സ്വദേശി ടി പി രാജേഷ്(24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി, തലശ്ശേരി കൊടുവള്ളിയിലെ സഹകരണാശുപത്രി, മിഷ്യന്‍ ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു. ഇന്ദിരാഗാന്ധി സഹരകരണ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് തലശ്ശേരി സിഐ എം പി ആസാദ്, എസ്‌ഐ അനില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പോലിസ് കണ്ടെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റു ആശുപത്രികളില്‍ നിന്നും ഇത്തരത്തില്‍ സിലിണ്ടറുകള്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ ഇന്നലെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നേരത്തേ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത് മധു മേനോന്‍ എന്നയാളായിരുന്നു. ജോലിയില്‍ കൃത്യനിഷ്ഠത പാലിക്കാത്തതിനെ തുടര്‍ന്ന് പാപ്പിനിശ്ശേരി സ്വദേശിയായ രാജേഷിനെ ജോലിയില്‍ നിന്നു മധു മേനോന്‍ ഒഴിവാക്കിയിരുന്നു. ഇതിനുള്ള വിരോധം തീര്‍ക്കാനാണ് ആശുപത്രികളില്‍ നിന്നു കാലിയായ ഓക്‌സിജന്‍ സിലിണ്ടറിനൊപ്പം പൂര്‍ണമായി നിറച്ച സിലിണ്ടറുകളും മൂന്നംഗ സംഘം മോഷ്ടിച്ചതെന്നാണു പ്രതികള്‍ നല്‍കിയ മൊഴി. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ നിന്നു ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കൊപ്പം പൂര്‍ണമായി നിറഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകളും അപ്രത്യക്ഷമാവുന്നത് പതിവായതോടെയാണ് സിസിടിവി കാമറ പരിശോധിക്കാന്‍ മാനോജ്‌മെന്റ് തീരുമാനിച്ചത്.
തുടര്‍ന്ന് മാനോജ്‌മെന്റ് തലശ്ശേരി പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയില്‍ മോഷ്ടിക്കപ്പെട്ട സിലിണ്ടറുകളും കടത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കെഎല്‍ 4 കെ 9407 നമ്പര്‍ ഗുഡ്‌സ് ഓട്ടോയും പോലിസ് പിടികൂടി. ഒരു ഓക്‌സിജന്‍ സിലണ്ടറിന് 12,500 രൂപയോളം വില വരും.

RELATED STORIES

Share it
Top