ആശാറാം ബാപ്പു കേസ്: അന്വേഷണ ഉദ്യോഗസ്ഥന് കിട്ടിയത് 2000 ഭീഷണികത്തുകളും ഫോണ്‍കോളുകളും

ജോധ്പൂര്‍: പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്ത വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് കിട്ടതിയത് രണ്ടായിരം ഭീഷണി കത്തുകളും നൂറുകണക്കിന് ഫോണ്‍കോളുകളുമെന്ന് റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന അജയ് പാല്‍ ലംബയ്ക്കാണ് ഭീഷണി കത്തുകളും ഫോണ്‍കോളുകളും വന്നത്.2013ല്‍ ജോധ്പൂര്‍ വെസ്റ്റില്‍ പോലീസ് കമ്മീഷണറായിരിക്കുന്ന സമയത്താണ് കേസിന്റെ അന്വേഷണ ചുമതല ലംബയെ ഏല്‍പ്പിച്ചത്. ആശാറാമിന്റെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്ന് എപ്പോഴും ഭീഷണി നിലനിന്നിരുന്നുവെന്ന് ലംബ പറഞ്ഞു. കത്തുകള്‍ക്ക് പുറമെ ഫോണ്‍കോള്‍ വഴിയും ഭീഷണി വരാന്‍ തുടങ്ങിയതോടെ പരിചയമുള്ള നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രമേ എടുക്കാറുണ്ടായിരുന്നുള്ളൂ.ആശാറാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തന്നേയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു മിക്ക കത്തിലെയും ഉള്ളടക്കം. ഉദയ്പൂരിലേക്ക് സ്ഥലംമാറ്റം കിട്ടയതോടെയാണ് കത്തുകള്‍ നിലച്ചത്. ആ സമയത്ത് മകളെ സ്‌കൂളിലയച്ചിരുന്നില്ല. ഭാര്യ വീട്ടില്‍ നിന്നും പുറത്തിറങ്ങാറേയില്ലായിരുന്നുവെന്നും ലംബ പറഞ്ഞു. കേസിലെ സാക്ഷികളിലൊരാളെ കൊലപ്പെടുത്തിയതിന് പിടിയിലായ പ്രതി പറഞ്ഞത് അടുത്തതായി കൊലപ്പെടുത്താനുദ്ദേശിക്കുന്നത് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിനെയാണ് എന്നായിരുന്നുവെന്നും ലംബ കൂട്ടിച്ചേര്‍ത്തു.
2013 ആഗസ്ത് 15നായിരുന്നു സംഭവം.മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശാറാം വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കോടതി  കണ്ടെത്തിയ ആശാറാം ബാപ്പുവിനും മറ്റ് രണ്ട് പേര്‍ക്കും കോടതി ഇന്ന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനാണ് ആശാറാം ബാപ്പുവിനെ ശിക്ഷിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവും വിധിച്ചു.

RELATED STORIES

Share it
Top