ആശാറാം കേസ് വിധി ബുധനാഴ്ച

ഷാജഹാന്‍പൂര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ രാജസ്ഥാനിലെ ബലാല്‍സംഗക്കേസില്‍ കോടതി വിധി പറയാനിരിക്കേ, ഉത്തര്‍പ്രദേശുകാരിയായ ഇരയുടെ വീടിനു സുരക്ഷ വര്‍ധിപ്പിച്ചു. ജോധ്പൂരിലെ പ്രത്യേക എസ്‌സി/എസ്ടി കോടതി ബുധനാഴ്ചയാണ് കേസില്‍ വിധി പറയുന്നത്.
ഇരയുടെ കുടുംബത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും സുരക്ഷയ്ക്കായി പോലിസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പോലിസ് സൂപ്രണ്ട് ദിനേശ് ത്രിപാഠി അറിയിച്ചു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇരയുടെ പിതാവ് നേരത്തേ പറഞ്ഞിരുന്നു.ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദന്‍ശര്‍മ ഈ മാസമാദ്യമാണ് കേസില്‍ അന്തിമവാദം കേട്ടത്. 25ന് കേസില്‍ വിധി പറയാനാണു മാറ്റിയത്.
ജോധ്പൂരിനടുത്ത മനായ് ഗ്രാമത്തിലെ ആശ്രമത്തില്‍വച്ച് ആശാറാം ബാലികയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ആശ്രമത്തില്‍ താമസിച്ചുവരുകയായിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി. കേസുമായി ബന്ധപ്പെട്ട് 2013 ആഗസ്ത് 31 മുതല്‍ ആശാറാം ജയിലിലാണ്.  ഗുജറാത്തിലും ഇയാള്‍ക്കെതിരേ കേസുണ്ട്. രണ്ടു കേസുകളിലും ആശാറാമിന് സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
സൂറത്തില്‍ താമസിക്കുന്ന രണ്ടു സഹോദരിമാര്‍ ആശാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരേ വെവ്വേറെ നല്‍കിയ ബലാല്‍സംഗം ചെയ്തുവെന്ന പരാതികളില്‍ കേസുകള്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top