ആശയുടെ മരണം: സ്വകാര്യ ആശുപത്രി അനാസ്ഥ കാണിച്ചെന്നു ബന്ധുക്കള്‍

കാസര്‍കോട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ അരിളയത്തെ മുരളീധരന്റെ ഭാര്യ ആശ(26)യുടെ മരണം ആശുപത്രിയുടെ അനാസ്ഥമൂലമാണെന്ന്് ബന്ധുക്കളും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നാലുമാസം ഗര്‍ഭിണിയായ ആശയെ ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 17ന് പുലര്‍ച്ചെ മൂന്നിന് കാഞ്ഞങ്ങാട് കുന്നുമ്മലിലെ ദീപ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തി ഇഞ്ചക്ഷനും ഗ്ലൂക്കോസും നല്‍കി മണിക്കൂറുകളോളം ഒപിയിലാണ് കിടത്തിയത്.
പിന്നീട് അഡ്മിറ്റ് ചെയ്തുവെങ്കിലും കൈകാലുകള്‍ക്ക് വേദനയുണ്ടെന്ന്് പറഞ്ഞെങ്കിലും ഇതു ഡോക്ടര്‍മാര്‍ ഗൗനിച്ചില്ല. രോഗിക്ക് കൂടുതല്‍ ക്ഷീണമുണ്ടെന്ന് ആശയുടെ ഇളയമ്മ രാധിക പറഞ്ഞപ്പോള്‍ ഇത് അഭിനയമാണെന്നും ഇതിനേക്കാള്‍ അവശതയുള്ള രോഗി അടുത്ത റൂമിലുണ്ടെന്നുമാണ് ഗൈനക്കോളജിസ്റ്റ് ഡോ.രൂപ ജി പൈ പറഞ്ഞതായി അവര്‍ ആരോപിച്ചു. 18ന് ഉച്ചയോടെ ആശയുടെ നില അതീവഗുരുതരമായതോടെയാണ് ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരായത്. രോഗിയുടെ നില ഗുരുതരമാണെന്ന് മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയാരുന്നു.
ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനാല്‍ ആംബുലന്‍സില്‍ ഒപ്പം ഡോക്ടറെയും അയച്ചിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആന്തരീകാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും അണുബാധ ഉണ്ടായിട്ടുണ്ടെന്നും ദീപ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവാണെന്നും നില ഗുരുതരമാകാന്‍ കാരണമെന്നും മനസിലാക്കാന്‍ സാധിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തലച്ചോര്‍ മാത്രമേ പ്രവര്‍ത്തനക്ഷമായിട്ടുണ്ടായിരുന്നുള്ളു. 21ന് ഉച്ചയ്ക്ക് 1.50ഓടെയാണ് ആശ മരിക്കുന്നത്.
ശരീരത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന ജിബിഎസ് (ഗില്ലന്‍ ബിരി സിന്‍ഡ്രോം) എന്ന രോഗമാണ് ആശയ്ക്കുണ്ടായിരുതെന്നാണ് കഴിഞ്ഞദിവസം ദീപ ആശുപത്രി ഒരു പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ അറിയിച്ചത്. എന്നാല്‍ ഗര്‍ഭാവസ്ഥയിലുണ്ടായിരുന്ന കാലത്തും ആശയ്ക്കു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും രോഗം ജിബിഎസ് ആണെന്ന് വ്യക്തമായിരുന്നില്ലെന്നും ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇരിയയിലെ പി രാജന്‍ ദീപ നഴ്‌സിങ് ഹോമില്‍ നിന്ന് തനിക്കുണ്ടായ ദുരവസ്ഥ വിവരിച്ചു. 2018 ജനുവരി എട്ടിനാണ് രാജന്റെ ഭാര്യ പ്രസവിച്ചത്. പ്രസവിച്ചയുടനെ കുട്ടിയുടെ ഇരുകാലുകളും ഒടിഞ്ഞുമടങ്ങിയ നിലയിലായിരുന്നു. പ്രസവിക്കുന്നതിന് ആറുദിവസം മുമ്പ് ഇതേ ആശുപത്രിയില്‍ നിന്നും നടത്തിയ സ്‌കാനിങില്‍ ഗര്‍ഭസ്ഥശിശുവിന് യാതൊരു തകരാറും ഇല്ലായിരുന്നു. ഇരുകാലുകളിലും പ്ലാസ്റ്ററിട്ടാണ് ആശുപത്രിയില്‍ നിന്നും കുട്ടിയെ തന്നയച്ചത്. ഇപ്പോഴും പ്ലാസ്റ്റര്‍ നീക്കം ചെയ്തിട്ടില്ല.
ആശുപത്രിക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണന്‍ അട്ടേങ്ങാനം, ശ്രീനി പെരിയ എന്നിവരും സംബന്ധിച്ചു. എന്നാല്‍ ആശക്ക് വിദഗ്ധ ചികില്‍സ നല്‍കിയിരുന്നുവെന്നും നിലഗുരുതരമായതിനാലാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് അയച്ചതെ ന്നും സാമൂഹ്യമാധ്യമങ്ങളില്‍ ആശുപത്രിക്കെരിരേ പ്രചാരണം നടക്കുന്നതിനാലാണ് പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതെന്ന് ആശുപത്രി മാനേജര്‍ പി മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top