ആശയങ്ങളെ നേരിടാന്‍ കഴിയാത്ത ഭീരുത്വം: കെ കെ രമ

വടകര: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെസി ഉമേഷ്ബാബുവിന്റെ വീടിനു നേരെയുണ്ടായ അക്രമം ആശയങ്ങളെ നേരിടാനാകാതെ ആയുധമേന്തുന്ന ഭീരുത്വമാണ് കാണിക്കുന്നതെന്ന് ആര്‍എംപിഐ നേതാവ് കെ കെ രമ. സിപിഎമ്മിന്റെ ഫാസിസ്റ്റ് നയങ്ങളെ ശക്തമായി എതിര്‍ക്കാറുള്ളയാളാണ് ഉമേഷ്ബാബു. ഇക്കാരണം കൊണ്ടു തന്നെ അദ്ദേഹത്തിന് ഒട്ടേറെ അക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാഷിസത്തിന്റെ മുഖമാണ് കണ്ണൂരില്‍ കാണുന്നത്. സിപിഎമ്മിന്റെ നയവൈകല്യങ്ങള്‍ക്കെതിരെ ചോദ്യമുന്നയിക്കുമ്പോള്‍ മറുപടി പറയാനാകാതെ കായികമായി നേരിടുകയാണ് ആ പാര്‍ട്ടി ചെയ്യന്നത്. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്നും ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം പ്രതികരിക്കണമെന്നും രമ പ്രസ്താവനയില്‍ പറഞ്ഞു.
പ്രമുഖ ഇടതുപക്ഷ ചിന്തകനും ടിപി ചന്ദ്രശേഖരന്‍ പഠന കേന്ദ്രം ഡയരക്ടറുമായ കെസി ഉമേഷ് ബാബുവിന്റെ വീടിനു നേരെ നടത്തിയ അക്രമണം ആസൂത്രിതമാണെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
ഉമേഷിന്റെ രാഷ്ട്രീയ സാംസ്‌കാരിരംഗത്തെ ഇടപെടലുകള്‍ അവസാനിപ്പിക്കാനുള്ള ഫാസിസ്റ്റ് കടന്നാക്രമണത്തെ ജനധിപത്യം കേരളം ചെറുത്തു തോല്പിക്കുമെന്നും ആക്രമകാരികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top