ആശങ്ക വേണ്ടെന്നു കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ബംഗലൂരു: ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളോ, വിവി പാറ്റ് സംവിധാനമോ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍.  ഗുജറാത്ത്,  ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കര്‍ണാടകയിലേക്കു നിയമസഭാ തിരഞ്ഞെടുപ്പിനായി മാറ്റുന്നതു സംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ കര്‍ണാടകയിലേക്കു മാറ്റുന്നുവെന്ന തരത്തിലാണു റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മാത്രം ഉപയോഗിക്കാനാണ് അവ കൊണ്ടുവരുന്നതെന്നു കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് 85,650 വോട്ടിങ് യന്ത്രങ്ങളാണു ലഭ്യമാക്കേണ്ടത്. ഇതില്‍ 67,650 എണ്ണമാണു ഗുജറാത്തില്‍ നിന്നും യുപിയില്‍ നിന്നുമായി കൊണ്ടു—വരേണ്ടത്. മറ്റിടങ്ങളില്‍ നിന്നു 18,000 യന്ത്രങ്ങളും ലഭ്യമാക്കും. വിവിധ ഹൈക്കോടതികളില്‍ കേസുകളുള്ളതിനാല്‍ വലിയൊരളവ് വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം വിലക്കിയിട്ടുണ്ടെന്നും കേസ് അവസാനിച്ചാലേ ഇവ ഉപയോഗിക്കാന്‍ പറ്റൂവെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top