ആശങ്കയോടെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍

എസ്   ഷാജഹാന്‍
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണി പുരോഗമിക്കുന്നതിനിടയില്‍ ആശങ്കയറിയിച്ച് സംസ്ഥാനത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വിപണിയിലെത്തുന്നതായുള്ള പ്രചാരണം തങ്ങളുടെ ഉപജീവനം മുടക്കുന്നതായാണ് ഇവരുടെ പരാതി. ഇതിനായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ സെക്രേട്ടറിയറ്റിനു മുന്നില്‍ പച്ചമല്‍സ്യം കഴിച്ചും മല്‍സ്യവിഭവങ്ങള്‍ ഉണ്ടാക്കിയും പ്രതിഷേധം സംഘടിപ്പിച്ചു.
ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ച വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തില്‍ തദ്ദേശീയര്‍ പിടിക്കുന്ന മല്‍സ്യത്തിന്റെ ഗുണമേന്മയെക്കുറിച്ച് പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വിപണിയിലെത്തുന്നതായുള്ള പ്രചാരണം വ്യാപകമായതോടെ പലരും മീന്‍ വാങ്ങുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വില്‍ക്കാന്‍ കൊണ്ടുവരുന്നത് അതുപോലെ തിരിച്ചുകൊണ്ടുപോകേണ്ട സ്ഥിതിയാണ്.
ചെക്‌പോസ്റ്റിലെ പരിശോധനയെ എതിര്‍ക്കുന്നില്ല. എന്നാല്‍, കേരള തീരത്തുനിന്ന് പിടിക്കുന്ന മീനിനു കുഴപ്പമൊന്നുമില്ലെന്നു സര്‍ക്കാര്‍ പറയണമെന്നും മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വില്‍ക്കാനാവാത്ത മീനുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും മുന്നറിയിപ്പു നല്‍കി. തങ്ങള്‍ നേരിട്ട് പിടിച്ച മല്‍സ്യത്തിന്റെ ഗുണമേന്മ ബോധ്യപ്പെടുത്താന്‍ കാമറയ്ക്കു മുന്നില്‍ പച്ചമല്‍സ്യം കഴിക്കാനും മല്‍സ്യത്തൊഴിലാളികള്‍ തയ്യാറായി. പ്രതിഷേധ സമരം നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആന്റോ ഏലിയാസ്,  വളേരിയന്‍ ഐസക്, ജാനറ്റ് ക്ലീറ്റസ് നേതൃത്വം നല്‍കി.
കേരളത്തില്‍ ട്രോളിങ് നിരോധനം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ അളവില്‍ മായം കലര്‍ന്ന മല്‍സ്യം കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. മനുഷ്യനു ഹാനികരമായ ഫോര്‍മാലിന്‍ മല്‍സ്യത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടങ്ങിയത്.
ജൂണ്‍ മാസം 9ാം തിയ്യതി മുതല്‍ നടത്തിയ വിവിധ പരിശോധനകളില്‍ മായം കലര്‍ത്തിയ 28,000ഓളം കിലോഗ്രാം മല്‍സ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നു പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലിഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥിരീകരിച്ചു.
ഇതിനു പിന്നാലെ കഴിഞ്ഞ രാത്രി ആര്യങ്കാവ് ചെക്‌പോസ്റ്റിലും ഫോര്‍മാലിന്‍ കലര്‍ന്ന 9600 കിലോഗ്രാം മല്‍സ്യം കൂടി പിടിച്ചെടുത്തതോടെയാണ് ആഭ്യന്തര മല്‍സ്യവ്യാപാര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിയത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തുന്നത്.

RELATED STORIES

Share it
Top