ആവേശ മല്‍സരത്തില്‍ മുംബൈക്ക് ജയം; പഞ്ചാബിനെ മൂന്ന് റണ്‍സിന് തകര്‍ത്തു
vishnu vis2018-05-17T08:16:49+05:30

മുംബൈ: ജീവന്മരണ പോരാട്ടത്തില്‍ പഞ്ചാബിനെ മൂന്ന് റണ്‍സിന് മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ജസ്പ്രീത് ബൂംറയുടെ ബൗളിങാണ് പഞ്ചാബിന് ജയം നിഷേധിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈക്ക് തുണയായത് കീറോണ്‍ പൊള്ളാര്‍ഡിന്റെ ് ( 23 പന്തില്‍ 50) അര്‍ധ സെഞ്ച്വറിയാണ്. അഞ്ച് ഫോറും മൂന്ന് സിക്സറുമാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഹര്‍ദിക് പാണ്ഡ്യയും ( 23 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് ( 15 പന്തില്‍ 27), ഇഷാന് കിഷന് ( 12 പന്തില്‍ 20) എന്നിവരും മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി ആന്‍ഡ്രൂ ടൈ നാല് വിക്കറ്റ് പിഴുതപ്പോള്‍ ആര് അശ്വിന് രണ്ട് വിക്കറ്റും അങ്കിത് രജപുത്, മാര്‍ക്ക് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ പഞ്ചാബ് അനായാസം ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും മുംബൈ ബൗളര്‍മാര്‍ കളി പിടിച്ചെടുക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ ( 60 പന്തില്‍ 94) 19ാം ഓവറില്‍ പുറത്തായതാണ് പഞ്ചാബിന് തിരിച്ചടിയായത്. ആരോണ്‍ ഫിഞ്ചും ( 35 പന്തില്‍ 46) പഞ്ചാബ് നിരയില്‍ പൊരുതിനോക്കി.
ജയത്തോടെ 13 മല്‍സരത്തില്‍ നിന്ന് 12 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റ് തന്നെയുള്ള പഞ്ചാബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.