ആവേശമായി മിന്നലോട്ട ട്രാക്ക്; അഭിനവും ആന്‍സിയും വേഗതാരങ്ങള്‍

എം എം സലാം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മിന്നലോട്ടത്തിന്റെ ട്രാക്ക് ആവേശത്തിന്റെ തിരകടലായി. 100 മീറ്റര്‍ പന്തയത്തിന്റെ എല്ലാ കരുത്തും സൗന്ദര്യവുമുണ്ടായിരുന്ന മല്‍സരങ്ങള്‍ക്കൊടുവില്‍ ഫിനിഷിങ് ലൈനിലേക്കുള്ള ഇരമ്പിക്കയറ്റത്തില്‍ മുന്നിലെത്തി പുരുഷവിഭാഗത്തില്‍ സി അഭിനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജനുമാണ് വേഗതാരങ്ങളായത്.
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജേതാവായ അഭിനവ് 10.97 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. തിരുവനന്തപുരം സായി സെന്ററിന്റെ താരമാണ്. കഴിഞ്ഞ വര്‍ഷവും സായി സെന്ററിലെ താരമാണ് സ്വര്‍ണം സ്വന്തമാക്കിയിരുന്നത്. 100 മീറ്ററില്‍ രണ്ടാം സ്ഥാനവും സായിക്കു തന്നെയാണ്. കെ ബിജിത്താണ് 11.09 സെക്കന്‍ഡില്‍ ഓടിയെത്തിയത്. അതേസമയം, പെണ്‍കുട്ടികളുടെ 100 മീറ്ററിലെ ജേതാവായ ആന്‍സി സോജന്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ താരമാണ്.
ജൂനിയര്‍ തലത്തില്‍ കഴിഞ്ഞ വര്‍ഷം വേഗമേറിയ താരമായിരുന്നു ആന്‍സി. ആ മികവ് സീനിയര്‍ തലത്തിലും തുടര്‍ന്നതോടെ വലിയ പോരാട്ടം നടന്ന 100 മീറ്ററില്‍ വിജയം ആന്‍സിക്കൊപ്പം നിന്നു. 12.26 സെക്കന്‍ഡിലാണ് ആന്‍സി ഫിനിഷിങ് ലൈന്‍ തൊട്ടത്. മലപ്പുറം കടകശ്ശേരി സ്‌കൂളിലെ പി എസ് പ്രഭാവതി 12.48 സെക്കന്‍ഡുമായി രണ്ടാം സ്ഥാനത്തെത്തി.
100 മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂരിന്റെ മുഹമ്മദ് സജീനും പെണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ എ എസ് സാന്ദ്രയ്ക്കുമാണ് സ്വര്‍ണം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മുഖ്താര്‍ ഹസനും പെണ്‍കുട്ടികളില്‍ കൊല്ലം സായിയിലെ സ്‌നേഹ ജേക്കബും സ്വര്‍ണം നേടി.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനവും എറണാകുളത്തിന്റെ കുതിപ്പ് തുടരുകയാണ്. 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവുമടക്കം 192 പോയിന്റ് നേടിയാണ് എറണാകുളം കുതിപ്പ് തുടരുന്നത്. 15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 130 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും ആറു സ്വര്‍ണവും പത്തു വെള്ളിയും എട്ടു വെങ്കലവുമടക്കം 77 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top