ആവേശമായി പ്രവേശനോല്‍സവം : ജില്ലയിലെ സ്‌കൂളുകളില്‍ ഉല്‍സവപ്രതീതിമാനന്തവാടി: ചെണ്ടമേളവും പാട്ടുകളും ബലൂണുകളുമായി പുതിയ കൂട്ടുകാരെ സ്‌കൂളിലേക്ക് ആനയിച്ചപ്പോള്‍ മിക്കയിടങ്ങളിലും ഉല്‍സവപ്രതീതി. ജില്ലയിലെ സ്‌കൂളുകളിലെല്ലാം നവാഗതരെ സ്വീകരിച്ചുകൊണ്ട് പ്രവേശനോല്‍സവം സംഘടിപ്പിച്ചു. നാടിനെ സ്‌നേഹിക്കുന്ന വിദ്യാര്‍ഥി സാമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് ഒ ആര്‍ കേളു എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാതല പ്രവേശനോല്‍സവം കാട്ടിക്കുളം എടയൂര്‍ക്കുന്ന് ഗവ. എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. നാടിനെ അറിഞ്ഞ് പ്രകൃതിയെ സ്‌നേഹിക്കുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായിരുന്നു. നവാഗത വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കിറ്റ് വിതരണം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. മികവ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി വിദ്യാഭ്യാസ കലണ്ടര്‍ പ്രകാശനം ചെയ്തു. ജൈവവൈവിധ്യ പഠനോദ്യാനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സെക്രട്ടറി ഡോ. ദിനേശന്‍ ചെറുവാട്ടൂര്‍ നിര്‍വഹിച്ചു. ഊരുമൂപ്പന്‍ ബോളന്‍ പെരുമന്‍ സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന പ്രഖ്യാപനം നടത്തി. അക്കാദമി പദ്ധതികളുടെ അവതരണം പ്രധാനാധ്യാപിക കെ വി ത്രേസ്യാമ്മ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ എ എന്‍ പ്രഭാകരന്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ എം സതീഷ് കുമാര്‍, ഡാനിയേല്‍ ജോര്‍ജ്, വി എ ഗോപി, ഡോ. കെ എം ഉണ്ണികൃഷ്ണന്‍, ജി എന്‍ ബാബുരാജ്, റുഖിയ സൈനുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top