ആവേശമായി ഒപ്പന

മൂവാറ്റുപുഴ: മണവാട്ടിമാരും തോഴിമാരും അരങ്ങ് വാണ മാപ്പിളപ്പാട്ട് മല്‍സരം മികച്ച നിലവാരം കൊണ്ട് ശ്രദ്ധേയമായി. മല്‍സരിച്ച പത്ത് ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ച വാശിയേറിയ ഒപ്പന മല്‍സരത്തില്‍ ഫോര്‍ട്ട് കൊച്ചി ഫാത്തിമ ജിഎച്ച്എസ് സംസഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ടിക്കറ്റ് ഉറപ്പിച്ചു. അറിയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് മേളം ഓഡിറ്റോറിയത്തില്‍ ഒപ്പന മല്‍സരത്തിനായി കര്‍ട്ടണ്‍ ഉയര്‍ന്നത്. വൈകിയതിന്റെ മുഷിച്ചിലുകള്‍ മാറ്റിയെഴുതിയാണ് വേദിയിലെത്തിയ ടീമുകള്‍ പ്രകടനം നടത്തിയത്. ഓരോ മല്‍സരം അവസാനിച്ച് കര്‍ട്ടണ്‍ താഴുന്നത് വരെ നീണ്ടുനില്‍ക്കുന്ന ഹര്‍ഷാരവങ്ങളും ഒപ്പന മല്‍സര വേദിയെ വേറിട്ട് നിര്‍ത്തി. മണവാട്ടിയെ വേദിയിലേക്ക് ആനയിക്കുന്ന വരവ് വഴി നീളത്തില്‍ തുടങ്ങി പതിഞ്ഞ താളത്തില്‍ ചായലിലൂടെ ദ്രുതതാളത്തിലെത്തി ചായലിലേക്ക് മടങ്ങി മണവാട്ടിയെ തിരികെ കൊണ്ടുപോവുന്ന വഴി നീളത്തില്‍ അവസാനിക്കുന്ന ക്രമത്തിലാണ് ഓരോ ഒപ്പനയും. റസൂലിന്റെയും ഖദീജ ബീവിയുടെയും നിക്കാഹിന്റെ ചരിത്രം ഗാനരൂപത്തില്‍ അവതരിപ്പിച്ചാണ് ഭൂരിപക്ഷം ടീമുകളും അരങ്ങിലെത്തിയത്. കടുംനിറത്തില്‍ കിന്നരികള്‍കൊണ്ട് അലങ്കരിച്ച വസ്ത്രമണിഞ്ഞാണ് മണവാട്ടി വേദിയിലെത്തുന്നത്. അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളകളും കാതില്‍ തോടയോ കാതിലയോ ധരിച്ചിരിക്കും. കഴുത്തില്‍ അണിയാന്‍ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് ധരിക്കുന്നത്. കൂടെ ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. തോഴിമാരെല്ലാം ഒരേ നിറത്തിലുള്ള തട്ടവും കുപ്പായവും ധരിച്ചാണ് വേദിയിലെത്തിയത്.

RELATED STORIES

Share it
Top