ആവേശപ്പോരില്‍ പാകിസ്താനെ ലങ്ക വീഴ്ത്തി; ഇത് ലങ്കയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്


അബുദാബി: ബൗളര്‍മാര്‍ പരസ്പരം പോരടിച്ച പാകിസ്താന്‍ ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശ ജയം ശ്രീലങ്കയ്‌ക്കൊപ്പം. തുടര്‍ തോല്‍വികളുടെ ഭാരമിറക്കി 21 റണ്‍സിനാണ് സിംഹളപ്പട വിജയം സ്വന്തമാക്കിയത്. അവസാന ദിനം ശ്രീലങ്ക സമ്മാനിച്ച 136 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ പാകിസ്താനെ 47.4 ഓവറില്‍ 114 റണ്‍സിന് ലങ്ക കൂടാരം കയറ്റി. ആറ് വിക്കറ്റ് വീഴ്ത്തിയ രങ്കണ ഹരാത്തിന്റെ സ്പിന്‍ മാജിക്കാണ് പാകിസ്താനെ തകര്‍ത്തത്. ദില്‍റൂവന്‍ പേരെര മൂന്ന് വിക്കറ്റും സ്വന്തമാക്കി.
പാക് ടീം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ലങ്കന്‍ ബൗളര്‍മാര്‍ അബുദാബിയില്‍ സമ്മാനിച്ചത്. 136 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ പാകിസ്താന് 16 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ ബൗളര്‍മാര്‍ കളി പിടിച്ചടക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 419 റണ്‍സ് എടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 422 റണ്‍സ് അടിച്ചെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 138 റണ്‍സിന് പുറത്തായ ശ്രീലങ്ക പാകിസ്താന് 136 റണ്‍സ് വിജയലക്ഷ്യവും സമ്മാനിക്കുകയായിരുന്നു. രങ്കണ ഹരാത്താണ് മാന്‍ ഓഫ് ദി മാച്ച്. ഹരാത്ത് ടെസ്റ്റില്‍ 400 വിക്കറ്റും പൂര്‍ത്തിയാക്കി.

RELATED STORIES

Share it
Top