ആവേശത്തിന് പ്രായമില്ല; സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു ട്രാക്ടറോടിച്ച് അവരെത്തി

മോസ്‌കോ: സ്വന്തം രാജ്യത്തിന്റെ കളി നേരില്‍ കാണാന്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ അതിര്‍ത്തികളും പ്രായവും അവര്‍ക്കൊരു പ്രശ്‌നമായില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. വയസ്സനായ 1964ലെ ഒരു ചുവപ്പന്‍ ട്രാക്ടറുമെടുത്ത് ആ മൂന്നു വൃദ്ധര്‍ റഷ്യയിലെ കലിനിന്‍ഗ്രാഡ് കളിപ്പരപ്പിലേക്ക് ആര്‍ത്തിരമ്പിയെത്തി. 2000 കിലോമീറ്റര്‍ എന്നത് സ്വിറ്റ്‌സര്‍ലന്‍ഡ് പൗരന്‍മാരായ ബീറ്റ് സ്റ്റഡര്‍, ജോസഫ് വ്യാര്‍, വെര്‍ണര്‍ സിമ്മര്‍മാന്‍ എന്നീ 70കാര്‍ക്ക് ഒരു തടസ്സമേയായിരുന്നില്ല.
ദിവസത്തില്‍ ആറുമണിക്കൂര്‍ ട്രാക്ടര്‍ ഓടിച്ച് 12 ദിവസമെടുത്തായിരുന്നു ഇവരുടെ സാഹസം. ഇന്നലെ നടന്ന സെര്‍ബിയ-സ്വിറ്റ്‌സര്‍ലന്‍ഡ് മല്‍സരം കാണാനായിരുന്നു സാഹസപ്പെട്ട് ഇവരെത്തിയത്. രണ്ടാഴ്ചത്തെ പ്രയാണം കലിനിന്‍ഗ്രാഡ് മൈതാനത്ത് വ്യാഴാഴ്ചയാണ് അവസാനിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിന് റഷ്യയിലേക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ തന്നെ മൂവരും യാത്ര പ്ലാന്‍ ചെയ്തിരുന്നു. പഴയ(വിന്റേജ്) ട്രാക്ടറുകളുടെ ശേഖരമുള്ള ബീറ്റ് സ്റ്റഡറിന് ഏതാണ് വാഹനമെന്ന് പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൂട്ടുകാര്‍ സമ്മതിച്ചതോടെ യാത്രയും തുടങ്ങി. യാത്രയിലുണ്ടായ രസകരമായ സംഭവങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ ധന്യമാക്കിയെന്നാണ് ഇവരുടെ അഭിപ്രായം. മല്‍സരത്തില്‍ സിറ്റ്‌സര്‍ലന്‍ഡ് മിന്നും വിജയം നേടുമെന്നാണ് മൂവരുടെയും വിശ്വാസം.

RELATED STORIES

Share it
Top