ആവിത്തോടില്‍ വെള്ളം പൊങ്ങിയത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തി

വടകര : തുടര്‍ച്ചയായി പെയ്ത് കൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ മുകച്ചേരിഭാഗത്തെയും ആവിക്കലിനെയും ബന്ധിപ്പിക്കുന്ന ആവിത്തോടില്‍ വെള്ളം പൊങ്ങിയത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തി. മുകച്ചേരി, മട്ടോല്‍, ആവിക്കല്‍, വളപ്പില്‍, ചോറോട് പഞ്ചായത്ത് അതിര്‍ത്തിയിലെ പുഴക്കല്‍, കൈതയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തോടിനു സമീത്ത് താമസിക്കുന്നവര്‍ ഏറെ പ്രയാസത്തിലായി. ഇരു കരകളിലും താമസിക്കുന്ന നൂറിലേറെ വീട്ടുകാരാണ് ബുദ്ധിമുട്ടുന്നത്.
തുടര്‍ച്ചയായി പെയ്ത മഴയോടൊപ്പം കടല്‍ വെള്ളം കയറിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. മട്ടോല്‍ ഭാഗത്തെ പത്തിലേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഈ പ്രദേശങ്ങളിലെ പല വീടുകളുടെയും മുന്‍വശം വരെ വെള്ളമെത്തി. അത് കൊണ്ട് തന്നെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും വീട്ടുകാര്‍ ബുദ്ധിമുട്ടി.
ആവിത്തോടിന് തുടക്കത്തിലുള്ള മുകച്ചേരിയിലും അതേ അവസ്ഥയാണ്. ആവിക്കല്‍ എസ്ബി സ്‌കൂള്‍ മുറ്റം വരെയും വെള്ളം കയറി. വടകര നഗരസഭയിലെയും ചോറോട് പഞ്ചായത്തിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മഴ വെള്ളം ആവിത്തോട് വഴിയാണ് കടലിലേക്ക് എത്തിച്ചേരുന്നത്. തോടില്‍ വെള്ളം കയറിയാല്‍ കടലോരത്തെ മണല്‍ നീക്കി കടലിലേക്ക് വെള്ളം വിടുകയാണ് പതിവ്. എന്നാല്‍ ഈ തവണ മണ്ണ് നീക്കാന്‍ സമയം വൈകിയതാണ് തോടില്‍ വെള്ളം പൊങ്ങാന്‍ കാരണമായത്.
മുന്‍ വര്‍ഷങ്ങളില്‍ ഇത് ചെയ്യാനായി നഗരസഭ തന്നെ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു. ജെസിബി ഉപയോഗിച്ച് ചെയ്യേണ്ടതിനാല്‍ അതിന്റെ ചെലവ് അനുവദിക്കാത്തതിനാല്‍ ഇത്തവണ മണല്‍ നീക്കം അവതാളത്തിലായതാണ് വെള്ളം കയറാന്‍ കാരണമായത്. സംഭവം ഇരു കൗണ്‍സിലര്‍മാരും ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ വിഷം സങ്കീര്‍ണമാകുമെന്ന് മനസിലായതോടെ ചെയര്‍മാന്‍ വിഷയത്തില്‍ ഇടപെടുകയും കാലങ്ങളായി ഇവിടെ മണല്‍ നീക്കാറുള്ള പ്രദേശവാസിയായ നിട്ടൂര്‍വീട്ടില്‍ മൊയ്തുവിനോട് കാര്യം പറയുകയും അദ്ദേഹവും മക്കളായ അര്‍ഷാദും നാസറും ആയുധങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഇന്നലെ രാവിലെയോടെ വെള്ളം കടലിലേക്ക് ഒഴുകി തുടങ്ങിയത്. ഇത് കുറച്ച് ആശ്വാസമാണെങ്കിലും കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വേലിയേറ്റ സമയത്ത് വീണ്ടും തോടിലേക്ക് കടല്‍വെള്ളം കയറും.
ആവിത്തോടില്‍ കഴിഞ്ഞ കാലങ്ങളില്‍ വെള്ളം കയറാറുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥ ആദ്യമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് ഈ പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസത്തിന് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top