ആവാസ് പദ്ധതി: രജിസ്റ്റര്‍ ചെയ്തത് 15156 ഇതരസംസ്ഥാന തൊഴിലാളികള്‍

കണ്ണൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ കുടിയേറ്റ തൊഴിലാളികളുടെ സമ്പൂര്‍ണ വിവരശേഖരണവും സൗജന്യ ആരോഗ്യ -അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ ബയോമെട്രിക് കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തത് 15156 തൊഴിലാളികള്‍.
വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും ഡിജിറ്റലായി രേഖപ്പെടുത്തിയ ബയോമെട്രിക് കാര്‍ഡുകളാണ് നല്‍കുന്നത്. സംസ്ഥാനത്ത് ഇതിനകം രണ്ടുലക്ഷത്തിലധികം ആവാസ് കാര്‍ഡുകള്‍  വിതരണം ചെയ്തു. കേരളത്തില്‍ സ്ഥിരതാമസമല്ലാത്ത ഇന്ത്യയിലെ ഇതരസംസ്ഥാനക്കാരായ 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതി മുഖേന 15000 രൂപ വരെയുള്ള ചികില്‍സാ ചെലവുകള്‍ സൗജന്യ ഇന്‍ഷുറന്‍സ് ആയി നല്‍കുന്നത്.
ഒപ്പം ജോലിക്കിടയിലെ അപകടമരണങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരക്കാരുടെ സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നത്.
മാതൃകാപരമായ പദ്ധതി ലോകശ്രദ്ധ നേടിയിട്ടുണ്ട്. ജില്ലയിലെ വിവിധ തൊഴിലിടങ്ങള്‍, ആവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ എന്റോള്‍മെന്റ് നടന്നുവരുന്നത്. ജില്ലാ ലേബര്‍ ഓഫിസിനോടനുബന്ധിച്ച് എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 7 മണി മുതല്‍ 7.30 വരെ എന്റോള്‍മെന്റ് നടക്കുന്നുണ്ട്. മൊബൈല്‍ യൂനിറ്റ് വഴി എന്റോള്‍മെന്റിനുള്ള സംവിധാനവും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ എന്‍ ബേബി കാസ്‌ട്രോ അറിയിച്ചു.
സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയെല്ലാം ഇതിനകം എന്റോള്‍ചെയ്ത് കഴിഞ്ഞു. ഇതര മേഖലയിലെ തൊഴിലാളികളാണ് ഇനി രജിസ്റ്റര്‍ ചെയ്യാന്‍ ശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top