ആവാസ് പദ്ധതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അംഗങ്ങളാക്കണം

തിരുവനന്തപുരം: കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസ് പദ്ധതിയില്‍ ഇനിയും അംഗങ്ങളായിട്ടില്ലാത്തവര്‍ അടിയന്തരമായി അംഗങ്ങളാവണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ ദിലീപ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അംഗങ്ങളാവുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ തൊഴില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം പിഎംജി ജങ്ഷനിലെ തൊഴില്‍ ഭവനില്‍ സ്ഥിരമായി സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തില്‍ വച്ച് അംഗങ്ങളാവുന്നതിനും സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഈ കേന്ദ്രത്തങ്ങളില്‍ ഹാജരാക്കിയാല്‍ തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായി സ്മാര്‍ട്ട് കാര്‍ഡ് വാങ്ങിയിട്ടുണ്ടോ എന്ന് തൊഴിലുടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്. പ്രതിവര്‍ഷം 15,000 രൂപ സൗജന്യ കിടത്തി ചികില്‍സയ്ക്കും 2,00,000 രൂപ അപകട മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ആവാസ് പദ്ധതിയില്‍ അംഗങ്ങളാവുന്നതിന്  തൊഴിലാളിക്കോ, തൊഴിലുടമയ്‌ക്കോ യാതൊരുവിധ സാമ്പത്തിക  ബാധ്യതയും ഉണ്ടാവുന്നതല്ല. ഇതര സംസ്ഥാന തൊഴിലാളികളെ ഈ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് എല്ലാ തൊഴിലുടമകളും തയ്യാറാവണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top