ആവശ്യമുണ്ട്, ആരാച്ചാരെ!

നാലു പതിറ്റാണ്ടിനുശേഷം വീണ്ടും വധശിക്ഷ നടപ്പാക്കാനുള്ള നീക്കത്തിലാണു ശ്രീലങ്ക. മയക്കുമരുന്നു വ്യാപനം തടയാന്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രഖ്യാപനം അതാണു സൂചിപ്പിക്കുന്നത്.
ശ്രീലങ്കന്‍ തടവറകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 373 പേരില്‍ 18 പുള്ളികളും മയക്കുമരുന്ന് കേസില്‍ പെട്ടവരാണ്. ഈയടുത്ത ദിവസമാണ് 75 ലക്ഷം ഡോളര്‍ വിലവരുന്ന 100 കിലോഗ്രാം ഹിറോയിന്‍ ലങ്കയില്‍ നിന്നു പിടികൂടിയത്. ജയിലില്‍ വരെ മയക്കുമരുന്നു വ്യാപാരം തകൃതിയായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. നാലുവര്‍ഷം മുമ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് മല്‍സ്യബന്ധന തൊഴിലാളികളായ അഞ്ച് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. അന്നത്തെ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ തന്റെ അധികാരം ഉപയോഗിച്ച് ശിക്ഷ ഇളവു ചെയ്തതുകൊണ്ട് അവര്‍ക്ക് ജന്മനാട്ടിലേക്കു പോവാനായി.
1976ലാണു ശ്രീലങ്കയില്‍ ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്. ജീവപര്യന്തം തടവായി ശിക്ഷ ഇളവു ചെയ്യുന്നതുകൊണ്ടാണ് ഇത്രയും കാലം കഴുമരം ഉപയോഗിക്കാതിരുന്നത്. എന്നാല്‍, പ്രസിഡന്റിന്റെ പുതിയ സൂചന, 42 വര്‍ഷത്തിനുശേഷം വധശിക്ഷ നടപ്പാക്കുമെന്നു തന്നെയാണ്. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ഗവണ്‍മെന്റ് ആരാച്ചാര്‍മാര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്.

RELATED STORIES

Share it
Top