ആവശ്യപ്പെടുന്നിടത്തെല്ലാം കുടിവെള്ളം എത്തിക്കും: മന്ത്രി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അത്യാവശ്യമായ  സ്ഥലങ്ങളിലെല്ലാം പരാതികള്‍ക്കിടനല്‍കാതെ കുടിവെള്ളം എത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍  മന്ത്രി സുധാകരന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ കൂടിയ കുടിവെള്ള വിതരണം സംബന്ധിച്ച യോഗം തീരുമാനിച്ചു. നിലവില്‍ റവന്യൂവകുപ്പിന് കുട്ടനാട് മാത്രമേ കുടിവെള്ളം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നുള്ളൂവെന്ന് ജില്ലാകളക്ടര്‍ ടി വി അനുപമ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ ആലപ്പുഴ ജില്ലയെ ആകമാനം വരള്‍ച്ചബാധിത ജില്ലയായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈസാഹചര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷകളില്‍ കിയോസ്‌ക് വഴിയോ വാഹനം വഴിയോ കുടിവെള്ളം എത്തിക്കുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.  വാഹനങ്ങളില്‍ കുടിവെള്ളവിതരണം,  കിയോസ്‌കുകള്‍ എന്നിവ  അടിയന്തരമായി ആവശ്യമുള്ള ഇതുവരെ റിപ്പോര്‍ട്ട്  നല്‍കിയിട്ടില്ലാത്ത  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അതിനായി യോഗം ചേര്‍ന്ന്  തങ്ങളുടെ ആവശ്യം  തഹസില്‍ദാര്‍മാരെ അറിയിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ ജില്ലാകളക്ടര്‍ ഉടന്‍  തീരുമാനമെടുക്കുകയും ആ ഭാഗങ്ങളില്‍ കുടിവെള്ളം  എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പഞ്ചായത്തുകള്‍ക്ക് അവയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്താമെന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്.  കിയോസ്‌കുകള്‍ അനുവദിച്ചു കഴിഞ്ഞാല്‍ അതിന്റെ പരിപാലനച്ചുമതല പഞ്ചായത്തുകള്‍ക്കായിരിക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top