ആവശ്യങ്ങളുമായി വെള്ളാപ്പള്ളി; പ്രഖ്യാപനങ്ങള്‍ നടത്താതെ മോദി

കൊല്ലം: മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്ത ചടങ്ങില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ നിരത്തി അവ നേടിയെടുത്ത് കൈയടി നേടാമെന്ന വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങള്‍ പാളി. അധ്യക്ഷ പ്രസംഗത്തിലാണ് സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ വെള്ളാപ്പള്ളി മോദിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കുക, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ശബരി റെയില്‍പാത അട്ടിമറിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്നും പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാല്‍ മാത്രമെ ഇത് നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും വെള്ളാപ്പള്ളി വാദിച്ചു. സച്ചാര്‍ കമ്മിറ്റി അനുവദിച്ച ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിലെ പിന്നാക്കക്കാര്‍ക്കും നല്‍കുക, നിലവിലുള്ള സംവരണ തത്വം മാറ്റാതെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം നല്‍കുക, സംസ്ഥാനത്തെ റെയില്‍വേ വികസനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കുക, പാലക്കാട് ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വന സംരക്ഷണത്തിന് നടപടി സ്വീകരിക്കുക, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിച്ച് യാത്രാകപ്പല്‍ ആരംഭിക്കാനുള്ള നീക്കം നടത്തുക തുടങ്ങിയ ആവശ്യങ്ങളും വെള്ളാപ്പള്ളി ഉന്നയിച്ചു.
എസ്എന്‍ഡിപി നടത്തുന്ന മൈക്രോ ഫിനാന്‍സ് വിപുലീകരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പുറത്ത് പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന വാദമുയര്‍ത്തി മോദി വെള്ളാപ്പള്ളിയുടെ ആവശ്യങ്ങള്‍ തമസ്‌കരിക്കുകയായിരുന്നു.

RELATED STORIES

Share it
Top