ആള്‍ബലമില്ല, ജോലിഭാരവും; പോലിസ് കൂടുതല്‍ സമ്മര്‍ദത്തിലാവും

ടി  എസ്  നിസാമുദ്ദീന്‍

ഇടുക്കി: കേസുകളില്‍ സമന്‍സും വാറന്റും നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കാന്‍ ഡിജിപി സമഗ്ര സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി നിര്‍ദേശം  ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും ജോലിഭാരവും മൂലം അസംതൃപ്തിയില്‍ പുകയുന്ന പോലിസ് സേനയെ  കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്ന് ആശങ്ക.
പ്രതിയോ, സാക്ഷിയോ ഹാജരാവാത്തതുകൊണ്ടുമാത്രം വിചാരണ നീളുന്ന ഒന്നരലക്ഷത്തോളം കേസുകളുണ്ടെന്നാണ് സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറുടെ കണക്ക്. അതേസമയം, ദിനംപ്രതി വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കേസുകളും കൈകാര്യം ചെയ്യാനുള്ള പോലിസുകാര്‍പോലും സ്‌റ്റേഷനുകളില്‍ ഇല്ലാത്തതും ജോലിഭാരവും സേനയുടെ പ്രവര്‍ത്തനക്ഷമതയെ കാര്യമായി ബാധിക്കുകയാണ്. 2011ല്‍ രണ്ടുലക്ഷം കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2017 ആയപ്പോള്‍ എണ്ണം ഏഴുലക്ഷത്തിനു മുകളിലായി. എന്നാല്‍, ആനുപാതികമായി പോലിസിന്റെ ആള്‍ബലം വര്‍ധിപ്പിച്ചിട്ടുമില്ല.
വാറന്റും സമന്‍സും നല്‍കാന്‍ ഓരോ സ്‌റ്റേഷനും രണ്ട് പോലിസുകാരെ നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് 2012ല്‍ ഇറക്കിയ സര്‍ക്കുലറിലുള്ളത്. കേസുകളില്‍ ലക്ഷങ്ങളുടെ വര്‍ധനവുണ്ടായിട്ടും ഇതേ സര്‍ക്കുലറിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പ്രായോഗികത ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിച്ചിട്ടുമില്ല.
വാറന്റ്, സമന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയില്‍ തന്നെ പ്രോസസ് സെര്‍വര്‍ എന്ന തസ്തികയുണ്ട്. എന്നാല്‍, ഈ ജോലി പൂര്‍ണമായും പോലിസിന്റെ തന്നെ ചുമലിലാണുള്ളത്. ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥന്‍ സ്വന്തം കീശയില്‍ നിന്ന് പണം ചെലവഴിച്ച് ആളെ തപ്പിപ്പിടിക്കേണ്ട ദുരവസ്ഥയുമുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യാത്രാക്കൂലി ലഭിക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന്റെ ഇരട്ടിയോളമാണ് ചിലവഴിക്കേണ്ടിവരുക.
ഒപ്പം, ഇതേ പോലിസുകാര്‍ തന്നെയാണ് സ്‌റ്റേഷന്‍ ഡ്യൂട്ടിയും പോലിസ് പരിധിയില്‍ വരുന്ന മറ്റ് കേസുകളും കൈകാര്യം ചേയ്യേണ്ടതും. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വന്നാല്‍ മുകളില്‍ നിന്ന് കര്‍ശന ഇടപെടലുണ്ടാവുമെന്നതിനാല്‍ ഏതുവിധേനയും സമയബന്ധിതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന നയമാണ് പോലിസ് സ്വീകരിക്കുന്നത്. കോടതി വ്യവഹാരങ്ങള്‍ക്കു തടസ്സം നേരിടുമ്പോഴൊക്കെ പോലിസ് സേനയ്ക്ക് ഓര്‍മപ്പെടുത്തലുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതല്‍ ജാഗ്രത പാലിക്കുമെങ്കിലും കേസുകളുടെ ബാഹുല്യം മൂലം വീണ്ടും പഴയപടിയാവും. പോലിസിന്റെ അസംതൃപ്തി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പിനെതിരേയും പോലിസ് സേനയില്‍ പ്രതിഷേധം ശക്തമാണ്.

RELATED STORIES

Share it
Top