ആള്‍ദൈവങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും

ആത്മീയതയുടെ മറവില്‍ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിനു വിധിച്ചതുകൊണ്ട് എല്ലാമായോ? ഇത്തരം കോടതി വിധികള്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. ഗുര്‍മീത് റാം റഹീം സിങ്, സന്ത് റാംപാല്‍ തുടങ്ങിയവരെ സമാനമായ കേസുകളില്‍ ജയിലിലടച്ചിട്ടുണ്ട്. പക്ഷേ, അവരുടെ അനുയായികള്‍ ഇപ്പോഴും സജീവമാണ്. ഇത്തരം വ്യാജ ആത്മീയാചാര്യന്മാര്‍ സൃഷ്ടിച്ച അധോലോകങ്ങള്‍ ശക്തവുമാണ്. ഹരിയാനയിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നു റാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നടത്തിയ ശ്രമത്തെ, അദ്ദേഹത്തിന്റെ അനുയായികള്‍ ചോരപ്പുഴയൊഴുക്കിയാണു പ്രതിരോധിച്ചത്. സച്ച സൗദയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന റാം റഹീം സിങിനെ തൊടുന്നതിനെ അയാളുടെ അനുയായികള്‍ അക്രമാസക്തരായാണു തടഞ്ഞത്. ഇവര്‍ക്കെല്ലാം ഇതിനു സാധിക്കുന്നതിന്റെ കാരണമെന്താണെന്ന് അന്വേഷിക്കുമ്പോഴാണ് കയ്‌പേറിയ ചില സത്യങ്ങള്‍ തെളിഞ്ഞുവരുക. ഭരണകൂടവും രാഷ്ട്രീയപ്പാര്‍ട്ടികളും നല്‍കുന്ന പിന്തുണയാണ് വ്യാജ ആത്മീയാചാര്യന്മാരുടെ വളര്‍ച്ചയ്ക്കു കാരണം. അതവസാനിക്കാത്ത കാലത്തോളം കോടതിവിധികള്‍ ഫലശൂന്യമായവശേഷിക്കും.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ആളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലത്തേ ഈ ബന്ധമുണ്ട്. രാഷ്ട്രഗുരുവെന്നാണ് ആശാറാമിനെ മോദി വിശേഷിപ്പിച്ചത്. അയാളോടൊപ്പം ഭജനയില്‍ പങ്കെടുത്തയാളാണ് മോദി. ആശാറാമിന്റെ ആശ്രമത്തിന് ബിജെപി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയിട്ടുമുണ്ട്. ഗുജറാത്തിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ആശാറാം ബാപ്പുവിനെ കൈയയച്ചു സഹായിച്ചു. റാം റഹീം സിങിനെയും ഈ രണ്ടു പാര്‍ട്ടികളും നന്നായി സഹായിച്ചിട്ടുണ്ട്. റാം റഹീം സിങ് തഞ്ചവും തരവുംപോലെ ഹരിയാനയില്‍ കോണ്‍ഗ്രസ്സിനെയും ബിജെപി-അകാലി സഖ്യത്തെയും സഹായിച്ച വ്യക്തിയാണ്. ആത്മീയാചാര്യന്മാര്‍ എന്നു പറയപ്പെടുന്ന ജനപിന്തുണയെ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന മല്‍സരമാണ് അത്തരക്കാര്‍ തഴച്ചുവളരുന്നതിന്റെ പ്രധാന കാരണം എന്നു വ്യക്തം.
ഇതൊന്നും 'വിവരവും വിദ്യാഭ്യാസവുമി'ല്ലാത്ത ഉത്തരേന്ത്യയിലെ മാത്രം സ്ഥിതിയല്ല. ജനപിന്തുണയുള്ള മത-സമുദായ നേതാക്കളുടെ ആസ്ഥാനങ്ങള്‍ ഇടത്-വലതു നേതാക്കള്‍ കയറിയിറങ്ങുന്ന പതിവ് കേരളത്തിലുമുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ബിഷപ്പുമാരുടെ അരമനകളില്‍ ചെന്ന് അനുഗ്രഹം വാങ്ങുന്നതില്‍നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെയും നേതാക്കളെയും ഒരു വിപ്ലവബോധവും തടയാറില്ല. മുസ്‌ലിം സമുദായത്തിലെ സംഘടനാനേതാക്കളെ, അവര്‍ എത്രതന്നെ യാഥാസ്ഥിതികരായാലും ചെന്നുകണ്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നതില്‍ ഇടതുപക്ഷത്തിന് ഒരു പന്തികേടും തോന്നാറില്ല. ആത്മീയതയുടെ മറവില്‍ ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന അരുതായ്മകള്‍ക്കെതിരേ ഒരു ഭരണകൂടവും ചെറുവിരല്‍ അനക്കാറുമില്ല. ഈ അവസ്ഥയില്‍ ആശാറാം ബാപ്പുമാരുടെ ബലാല്‍സംഗങ്ങളും അഴിമതികളും തുടര്‍ക്കഥയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

RELATED STORIES

Share it
Top