ആള്‍ക്കൂട്ട വിചാരണയുടെ പേരില്‍ യാചകന് മര്‍ദനം: കൗമാരക്കാരന്‍ അറസ്റ്റില്‍

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ട് പോവാനാണെന്ന് ആരോപിച്ച്  മാനസിക നിലതെറ്റിയ യാചകനെ മര്‍ദിച്ച സംഭവത്തില്‍ മരക്കടവ് സ്വദേശിയായ കൗമാരക്കാരന്‍ അറസ്റ്റില്‍.പ്രായപൂര്‍ത്തിവാകാത്ത ഇയാളെ തവനൂരിലെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. യാചകനെ ക്രൂരമായി മര്‍ദിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിച്ചയാളാണ് ഇയാളെന്ന് പോലിസ് പറയുന്നു.വിഷയത്തില്‍ പരാതിയുമായി തെരുവോരം ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത് .സംഭവം നടന്ന് മൂന്നാഴച്ചക്ക് ശേഷമാണ് അക്രമണത്തിനിരയായ വൃദ്ധനെ സംരക്ഷിക്കാനായി ഏറ്റെടുത്ത തെരുവോരം ഭാരവാഹികള്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ടിനും ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു.
യാചകനെ മര്‍ദിച്ച സംഭവത്തില്‍  പോലിസുകാരെ മര്‍ദ്ദിച്ചവരുള്‍പ്പെടെ 20 പേര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി  കേസെടുത്തതായി പോലിസ് അവകാശപ്പെട്ടിരുന്നു.  പൊന്നാനി പള്ളപ്രം സ്വദേശി തോട്ടുങ്ങല്‍ ഹാരിസ്(21)മീന്‍തെരുവ് സ്വദേശി കോയാലിക്കാരത്ത് റിയാദ് (25) എന്നിവരെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോ സംഭവം നടന്ന പിറ്റേ  ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ഇവര്‍ക്ക് വേഗത്തില്‍ ജാമ്യവും കിട്ടി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്നും മുഴുവന്‍ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ജീവന്‍ തിരിച്ചു കിട്ടിയ വൃദ്ധനാകട്ടെ പരാതി നല്‍കിയതുമില്ല. സംഭവം നടന്ന് കഴിഞ്ഞ് മൂന്നാഴ്ചവരെയും പൊന്നാനി താലൂക്കാശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇയാളെ തെരുവോരം പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് .സംഭവത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊന്നാനി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top