ആള്‍ക്കൂട്ട കൊല: രണ്ടുപേര്‍ അറസ്റ്റില്‍

അഞ്ചല്‍(കൊല്ലം): അഞ്ചലി ല്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അഞ്ചല്‍ പനയഞ്ചേരി ഹിമശൈലത്തില്‍ ശശിധര കുറുപ്പ് (52), തഴമേല്‍ മുംതാസ് മന്‍സിലില്‍ ആസിഫ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24ന് പനയഞ്ചേരിയില്‍ വച്ച് മണിക് റോയി എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളി വിലയ്ക്കുവാങ്ങിയ കോഴിയുമായി വീട്ടിലേക്കു പോവുന്നതിനിടെ മോഷണക്കുറ്റം ആരോപിച്ച് ഇവര്‍ മര്‍ദിക്കുകയായിരുന്നു.
പരിക്കേറ്റ് ചികില്‍സ തേടിയ മണിക് റോയി ഞായറാഴ്ച മരണപ്പെട്ടു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതോടെ ഞായറാഴ്ച തന്നെ പോലിസ് ശശിധര കുറുപ്പിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിഫ് ഇന്നലെ പുലര്‍ച്ചെ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് അഞ്ച ല്‍ സിഐ ടി സതികുമാര്‍ പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു.കൊല്ലം റൂറല്‍ പോലിസ് മേധാവി മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. കേസ് ആഗസ്ത് 17നു പരിഗണിക്കും.

RELATED STORIES

Share it
Top