ആള്‍ക്കൂട്ട കൊലപാതകവും അക്രമവും തടയാന്‍ നടപടിക്കു നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകവും അക്രമവും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച സുപ്രിംകോടതി വിധിയിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ പോലിസ് മേധാവിമാരെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചു. ഇവരെ സഹായിക്കുന്നതിനായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പ്രത്യേക കര്‍മസേനയും രൂപീകരിക്കും. ആള്‍ക്കൂട്ട കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കാന്‍ സാധ്യതയുള്ളവരെയും അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, വിദ്വേഷപ്രസംഗങ്ങളോ പ്രകോപനപരമായ പ്രസ്താവനകളോ ഇതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതും കര്‍മസേനയുടെ ചുമതലയാണ്. ഇന്റലിജന്‍സ് വിവരങ്ങളുടെയോ മുന്‍ അനുഭവങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രശ്‌നസാധ്യതാപ്രദേശങ്ങളില്‍ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നതു തടയാന്‍ പോലിസ് പട്രോളിങ് കൂടുതല്‍ ഗൗരവപൂര്‍വം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നോഡല്‍ ഓഫിസര്‍മാര്‍ മാസത്തിലൊരിക്കലെങ്കിലും ജില്ലയിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സ്റ്റേഷ ന്‍ഹൗസ് ഓഫിസര്‍മാരുടെയും യോഗം വിളിക്കണം. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയും അല്ലാതെയും സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ ഈ യോഗങ്ങളില്‍ നടത്തണം. ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സമുദായത്തിനോ ജാതിക്കോ എതിരേ ലക്ഷ്യംവയ്ക്കുന്നുവെങ്കില്‍ അവ തടയുന്നതിനും നോഡല്‍ ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കണം. ഒന്നിലേറെ ജില്ലകളെ ബാധിക്കുന്നതരത്തിലുള്ള എന്തെങ്കിലും അക്രമസംഭവങ്ങള്‍ക്കു സാധ്യതയുണ്ടെങ്കില്‍ അവ തടയുന്നതിനുള്ള പൊതുവായ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി ആ വിവരം നോഡല്‍ ഓഫിസര്‍ സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ആള്‍ക്കൂട്ട അതിക്രമത്തിനോ കൊലപാതകത്തിനോ ഉള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നു ബോധ്യപ്പെട്ടാല്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് ക്രിമിനല്‍ നടപടിക്രമത്തിലെ 129ാം വകുപ്പുപ്രകാരം എല്ലാ പോലിസ് ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതരത്തിലുള്ള വീഡിയോകള്‍, സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ വകുപ്പുപ്രകാരമോ മറ്റ് ഉചിതമായ വകുപ്പുകള്‍പ്രകാരമോ കേസ് രജിസ്റ്റര്‍ ചെയ്യണം. പ്രതിരോധനടപടികള്‍ക്കിടയിലും സംസ്ഥാനത്ത് എവിടെയെങ്കിലും ആള്‍ക്കൂട്ട കൊലപാതകമോ അക്രമമോ നടന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയോ മറ്റു നിയമങ്ങളിലെയോ പ്രസക്ത വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ കാലതാമസം കൂടാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വിവരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നോഡല്‍ ഓഫിസറെ ഉടന്‍ അറിയിക്കുകയും ഇരകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ഈ കേസുകളുടെ അന്വേഷണം നോഡല്‍ ഓഫിസര്‍മാര്‍ പ്രത്യേകമായി നിരീക്ഷിക്കണം. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും നോഡല്‍ ഓഫിസര്‍ നടപടി സ്വീകരിക്കണം. ഇത്തരം കേസുകള്‍ ഇതിനായി നിശ്ചയിച്ചിട്ടുള്ള ഫാസ്റ്റ്ട്രാക്ക് കോടതിയിലോ പ്രത്യേക കോടതിയിലോ വിചാരണ നടത്തണമെന്നും കഴിയുന്നതും കേസെടുത്ത് ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചോ അക്രമത്തെക്കുറിച്ചോ വിവരം നല്‍കുന്നവരുടെ മേല്‍വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശങ്ങളില്‍ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമവും തടയുന്നതിനുള്ള ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഡിജിപിയുടെ സര്‍ക്കുലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top