ആള്‍ക്കൂട്ട ആക്രമണത്തിന്റെ വക്താക്കളായി സിപിഎം മാറി: കെ സി വേണുഗോപാല്‍ എംപി

പത്തനംതിട്ട: കേരളത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ വക്താക്കളും ഏജന്‍സികളുമായി സിപിഎം മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ ബിജെപി ചെയ്യുന്നതുപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത കേരളത്തില്‍ സിപിഎം പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍ബന്ധിത ദുരിതാശ്വാസ പിരിവില്‍ നിന്നു പ്രളയബാധിത മേഖലകളെ ഒഴിവാക്കണം. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നത് ബ്ലാക്ക്‌മെയിലിങ് തന്ത്രമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭാവനകള്‍ നല്‍കുന്നത് പീഡനമായി മാറുകയാണ്.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന് ഇതേവരെ പദ്ധതികളൊന്നുമില്ല. കെപിഎംജിയാണോ നവകേരളം സൃഷ്ടിക്കുകയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രളയബാധിത മേഖലകളില്‍ ആര്‍ക്കൊക്കെ സഹായം ലഭിക്കുന്നുവെന്നതില്‍ വ്യക്തതയില്ല. പ്രളയത്തെ തുടര്‍ന്ന് എലിപ്പനി ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രളയദുരിതാശ്വാസത്തില്‍ നിന്നുള്ള സഹായം നിഷേധിച്ചു.
കേരളത്തിലെ പ്രളയം ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ട് ഉണ്ടായതാണെന്നതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. കേന്ദ്ര ജല കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെ നാം പിന്തുണയ്‌ക്കേണ്ടിവരുമെന്നും വേണുഗോപാല്‍ പറഞ്ഞു.

RELATED STORIES

Share it
Top