ആള്‍ക്കൂട്ട ആക്രമണം: ഗുരുതര കുറ്റം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 'ഗുരുതരമായ കുറ്റകൃത്യ'മായി കണക്കാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ക്ക് ഇടയാക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ)യുടെ പരിധിയില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം വരെ ശിക്ഷ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഇത്തരം കേസുകള്‍ നടക്കുന്ന പ്രദേശത്തെ പോലിസ് കമ്മീഷണര്‍മാര്‍, പോലിസ് സൂപ്രണ്ടുമാര്‍ എന്നിവരായിരിക്കും നോഡല്‍ ഓഫിസര്‍മാര്‍. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും 153(എ) വകുപ്പില്‍ ഉള്‍പ്പെടുത്തും. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗം, അധിക്ഷേപാര്‍ഹമായ ലേഖനങ്ങള്‍, സാഹിത്യങ്ങള്‍ എന്നിവയെയും 153(എ)യില്‍ ഉള്‍പ്പെടുത്തും.
വംശം, മതം, ജാതി, ഭാഷ, ജന്മദേശം എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുന്നതു തടയുന്നതിനുള്ള വകുപ്പാണ് 153(എ).
ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ജൂലൈ 17ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള അക്രമസംഭവങ്ങള്‍ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top